ഭാര്യയുടെ പഠനത്തിനു സഹായിച്ചു പരീക്ഷയെഴുതിയപ്പോൾ ഭാര്യക്കൊപ്പം റാങ്കുപട്ടികയിലായി.

Tuesday, 05 Sep, 2023   HARITHA SONU

ചേർത്തല : ഭാര്യയുടെ പഠനത്തിനു സഹായിച്ചു പരീക്ഷയെഴുതിയപ്പോൾ ഭാര്യക്കൊപ്പം റാങ്കുപട്ടികയിലായി. ഇപ്പോൾ സർക്കാർജോലിയിലും ഒരുമിച്ചു. ചേർത്തല നഗരസഭ ആറാംവാർഡ് കളത്തിൽ കെ. എസ് ഷാജഹാനും ഭാര്യ എ. ആർ ഹിമയുമാണ് ഒരേ പി. എസ്. സി റാങ്കുപട്ടികയിൽനിന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരായി പ്രവേശനംനേടി പരിശീലനം തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരുപട്ടികയിൽ നിന്ന് ദന്പതിമാർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരാകുന്നത്. ചേർത്തല ബാറിലെ അഭിഭാഷകരായിരുന്നു ഇരുവരും. പി. എസ്. സി 2020-ൽ നടത്തിയ പരീക്ഷയിലാണ് ഇവർ പ്രധാനപട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞമാസമാണ് നിയമനം ലഭിച്ചത്. കെ. എസ് ഷാജഹാൻ അഞ്ചുവർഷം ആലപ്പുഴയിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. സിവിൽ, ക്രിമിനൽ കേസുകളിൽ മികവുകാട്ടി തിളങ്ങുന്നതിനിടെയാണ് പുതിയ നിയോഗം.

എ. ആർ ഹിമ 2011 - ൽ കൊടുങ്ങല്ലൂർ കോടതിയിലാണു പരിശീലനം തുടങ്ങിയത്. 2013 - മുതൽ ചേർത്തല കോടതിയിലും. പരിശീലനത്തിനുശേഷം ഷാജഹാൻ കാസർകോട്‌ കോടതിയിലും ഹിമ മട്ടന്നൂർ കോടതിയിലും ജോലിയിൽ പ്രവേശിക്കും. ദമ്പതിമാർക്ക് വിവിധയിടങ്ങളിൽ അനുമോദനമൊരുക്കി. ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ ഷാൺമാതുരദാസിന്റെയും റിട്ട. പഞ്ചായത്തുദ്യോഗസ്ഥ മണിയമ്മയുടെയും മകനാണ് കെ. എസ് ഷാജഹാൻ. ഇരിങ്ങാലക്കുട വെള്ളാംകല്ലൂർ റിട്ട. ഡപ്യൂട്ടി കളക്ടർ എ. വി രാജേന്ദ്രപ്രസാദിന്റെയും ഷീലയുടെയും മകളാണ് എ. ആർ ഹിമ. ബിഷപ്പ് മൂർ സ്കൂൾ വിദ്യാർഥികളായ ഉജ്ജ്വലും ശ്രേയസ്സുമാണു മക്കൾ.