റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാവുന്നു.

Saturday, 16 Sep, 2023   HARITHA SONU

മാന്നാർ : റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാവുന്നു. പൊതുമരാമത്ത് വകുപ്പ് കത്തുനൽകിയിട്ടും പോസ്റ്റുകൾ റോഡരികിൽനിന്നു മാറ്റിയിടാൻ കെ. എസ്. ഇ. ബി തയ്യാറാകുന്നില്ല. തട്ടാരമ്പലം - മാന്നാർ സംസ്ഥാനപാതയിൽ വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിനു കിഴക്കുവശത്തുള്ള ഹൈദ്രോസ്‌കുഴി കലുങ്കിനുസമീപം റോഡരികിലാണ് കെ. എസ്. ഇ. ബി യുടെ ഡസൻ കണക്കിനു കോൺക്രീറ്റ് തൂണുകളും ഇരുമ്പ് തൂണുകളും യാത്രക്കാർക്കു ഭീഷണിയായിട്ടുള്ളത്. ഒരുവർഷത്തോളമായിട്ടും കെ. എസ്. ഇ. ബി ഇവ നീക്കംചെയ്യാൻ തയ്യാറായിട്ടില്ല.

നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ ദിവസേന കടന്നുപോകുന്നത്. വൈദ്യുതി പോസ്റ്റുകൾക്കുമേലെ കാടുകയറിക്കിടക്കുന്നതുകാരണം പോസ്റ്റുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. എതിരേവരുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങളുടെ ടയറുകൾക്കു കേടുപാടുകൾ ഉണ്ടാകുന്നത് സ്ഥിരമാണ്. കാടുപിടിച്ചു കിടക്കുന്നതിനാൽ വിഷപ്പാമ്പുകളുടെ ശല്യം ഏറിയതോടെ കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.

കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരോട് പലതവണ പരാതിപറഞ്ഞിട്ടും പോസ്റ്റുകൾ നീക്കംചെയ്യാൻ തയ്യാറായില്ലെന്നു നാട്ടുകാർ പറയുന്നു. ഗതികെട്ട നാട്ടുകാർ പൊതുമരാമത്തുവകുപ്പിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കെ. എസ്. ഇ. ബി മാന്നാർ അസി. എൻജിനിയർക്കു പൊതുമരാമത്ത് നിരത്ത് വിഭാഗം കത്തുനൽകുകയുണ്ടായി. കത്തുലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊള്ളാൻ കെ. എസ്. ഇ. ബി തയ്യാറായിട്ടില്ല.