ഏഴുമണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തി.

Thursday, 27 Jul, 2023   HARITHA SONU

വേലൂർ : നികുതിവർധന ചർച്ച ചെയ്യാൻ ചേർന്ന വേലൂർ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചർച്ചകളില്ലാതെ അവസാനിപ്പിച്ചതായി പ്രതിപക്ഷം. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനുള്ളിൽ കോൺഗ്രസ് അംഗം സ്വപ്‌ന രാമചന്ദ്രന്റെ നേതൃത്വത്തിൽ ഏഴുമണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തി. ബി.ജെ.പി.യുടെ ഏക അംഗവും ഇവരോടൊപ്പം ചേർന്നു. സമരക്കാരെ പോലീസ്‌ അറസ്റ്റ് ചെയ്ത് നീക്കി. നികുതിവർധന സംബന്ധിച്ച് ധനകാര്യ സ്ഥിരംസമിതിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നതിനാണ് അടിയന്തര യോഗം ചേർന്നത്. ഭരണസമിതി യോഗത്തിൽ ഇത് അംഗീകരിച്ചതിനു ശേഷമുള്ള കരട് വിജ്ഞാപനത്തിൽ ആക്ഷേപമുന്നയിക്കാനുള്ള അവസരമുള്ളതിനാലാണ് മറ്റ് വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കാതെ യോഗം അവസാനിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പറഞ്ഞു.

17 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന് ഒമ്പതും കോൺഗ്രസിന് ഏഴും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. കരട് ചർച്ചയ്‌ക്കെടുത്ത യോഗത്തിൽ ഭരണകക്ഷിയുടെ ഏഴ് അംഗങ്ങൾ മാത്രം എത്തിയതാണ് യോഗ നടപടികൾ പെട്ടെന്ന് അവസാനിപ്പിച്ച് പ്രസിഡന്റ് സ്ഥലം വിട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ യോഗം കഴിഞ്ഞതിനു ശേഷമെത്തിയവരെ ഒപ്പിടാൻ അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റും പറഞ്ഞു.