സമ്പൂർണ പാർപ്പിടപദ്ധതിയിലൂടെ വീട് നൽകുന്നു.

Thursday, 21 Sep, 2023   HARITHA SONU

എരുമപ്പെട്ടി : പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സമ്പൂർണ പാർപ്പിടപദ്ധതിയിലൂടെ വീട് നൽകുന്നു. അർഹതയുള്ള ഗുണഭോക്താക്കളിൽ ഭൂമിയുള്ള 407 പേർക്കാണ് വീടൊരുങ്ങുക. പട്ടികജാതി വിഭാഗത്തിൽ 162 പേർക്കും ജനറൽ വിഭാഗത്തിൽ 245 പേർക്കും ആണ് വീട് അനുവദിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയ എല്ലാവർക്കും വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയിൽ 407 ഗുണഭോക്താക്കൾക്കും 25000 രൂപയും ലഭിക്കും. ഇതിനുശേഷം സ്ഥലവും വീടും ഇല്ലാത്ത നൂറോളം ഗുണഭോക്താക്കൾക്കുള്ള പദ്ധതിയും നടപ്പാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ജനറൽ ഗുണഭോക്താക്കളുടെ സംഗമം കുണ്ടന്നൂർ താജ് ഓഡിറ്റോറിയത്തിൽ നടന്നു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ അധ്യക്ഷനായി. പുഷ്പാ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷരായ കൊടുമ്പിൽ മുരളി, സുമനാ സുഗതൻ, ഷീജാ സുരേഷ്, പഞ്ചായത്തംഗം എം. കെ ജോസ് എന്നിവർ പ്രസംഗിച്ചു.