പട്ടികജാതി–വർഗ വികസന കോർപറേഷൻ സുവർണ ജൂബിലി ലോഗോ പ്രകാശനം നടന്നു.

Thursday, 27 Jul, 2023   HARITHA SONU

തൃശൂർ : സംസ്ഥാന പട്ടികജാതി–വർഗ വികസന കോർപറേഷൻ സുവർണ ജൂബിലി ലോഗോ പ്രകാശനവും ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും   മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കോർപറേഷന്റെ ശാഖ വികസിപ്പിക്കുകയാണെങ്കിൽ ആദ്യം സ്ഥാപിക്കുക അട്ടപ്പാടിയിലാകുമെന്നും കോർപറേഷന്റെ വിപുലികരണത്തിന് ആദ്യ പരിഗണന ഇനി നൽകുക ആദിവാസി മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു.  

പുതിയ കാലഘട്ടത്തിന്റെ പ്രത്യേകതകൾ മനസിലാക്കി കോർപറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. നൂതനമായ പദ്ധതികൾ ആവിഷ്കരിക്കണം. പല മേഖലകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനും ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയണമെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കൗൺസിലർ റെജി ജോയ് ചാക്കോള, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ഡയറക്ടർ കെ കൃഷ്ണൻ, കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ്, മാനേജിങ്‌ ഡയറക്ടർ വി പി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.