‘മിൽമ റിഫ്രഷ് വെജ്’ ഭക്ഷണവൈവിധ്യത്തിലേക്കുള്ള മിൽമയുടെ ആദ്യ കാൽവെപ്പിന് തൃശ്ശൂരിൽ തുടക്കം.

Friday, 08 Sep, 2023   HARITHA SONU

തൃശ്ശൂർ : ഭക്ഷണവൈവിധ്യത്തിലേക്കുള്ള മിൽമയുടെ ആദ്യ കാൽവെപ്പിന് തൃശ്ശൂരിൽ തുടക്കം. ‘മിൽമ റിഫ്രഷ് വെജ്’ ഭക്ഷണശാല മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നവീകരിച്ച സൂപ്പർ മാർക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ സർവേയിൽ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മിൽമയെ ഏറ്റവും മികച്ച പാൽ സഹകരണസംഘമായി തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ മൂർക്കനാട്ട് 55 കോടി രൂപയുടെ പാൽപ്പൊടി യൂണിറ്റ് ഉടൻ പൂർത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, ചൈനീസ് വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല എം. ജി റോഡിൽ കോട്ടപ്പുറത്താണ്. 1400 ചതുരശ്രയടി വിസ്തീർണത്തിലാണ് ഭക്ഷണശാലയും മിൽമ സൂപ്പർ മാർക്കറ്റും പ്രവർത്തിക്കുന്നത്. ഭക്ഷണശാലയിൽ 20 സീറ്റുകളാണുള്ളത്.

മിൽമയുടെ പാലും തൈരും ചീസും നെയ്യും ചേർത്താണ് വിഭവങ്ങൾ തയ്യാറാക്കുക. സൂപ്പർ മാർക്കറ്റിൽ ജ്യൂസ് ആൻഡ് ഷെയ്‌ക്ക്‌ പോയിൻറ്, ഐസ്‌ക്രീം പാർലർ എന്നിവയാണുള്ളത്. മേയർ എം. കെ വർഗീസ് അധ്യക്ഷനായി. ടി. എൻ പ്രതാപൻ എം. പി സൂപ്പർ മാർക്കറ്റിലെ ആദ്യവിൽപ്പന ഏറ്റുവാങ്ങി. പി. ബാലചന്ദ്രൻ എം. എൽ. എ പങ്കെടുത്തു. അരഡസനോളം ഭക്ഷണശാലകൾ ഉടൻ തുറക്കുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം. ടി ജയൻ പറഞ്ഞു. ഇതിൽ ആദ്യത്തേത് തൃശ്ശൂരിലെ രാമവർമപുരത്തായിരിക്കും. ചാലക്കുടിയിൽ മിൽമയുടെ ബേക്കറിയിനങ്ങളുടെ ഉത്പാദന യൂണിറ്റ് ആരംഭിക്കും.