ശ്രീകൃഷ്ണജയന്തിക്ക് തിരുവമ്പാടിക്ഷേത്രത്തിൽ പകലും രാത്രിയും നീണ്ടുനിൽക്കുന്ന ആഘോഷം.

Wednesday, 06 Sep, 2023   HARITHA SONU

തൃശ്ശൂർ : ശ്രീകൃഷ്ണജയന്തിക്ക് തിരുവമ്പാടിക്ഷേത്രത്തിൽ പകലും രാത്രിയും നീണ്ടുനിൽക്കുന്ന ആഘോഷം. ബുധനാഴ്‌ച പുലർച്ചെ ആരംഭിക്കുന്ന വിവിധ പരിപാടികൾ രാത്രി ഒരുമണിക്കുശേഷമാണ് സമാപിക്കുക. പുലർച്ചെ നാലിന് കേളിയും അഷ്ടപദിയും നടക്കും. അഞ്ചരയ്ക്ക് സമൂഹ വിഷ്ണുസഹസ്രനാമപാരായണം നടക്കും. എട്ടരയ്ക്ക് നടക്കുന്ന ഉഷശ്ശീവേലിക്ക് മൂന്ന് ആനകൾ അണിനിരക്കും. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയാകും. ഒന്നരയ്ക്ക് ഓട്ടൻതുള്ളൽ അവതരിപ്പിക്കും. മൂന്നുമണിമുതൽ അക്ഷരശ്ലോകസദസ്സ് നടക്കും. ആറിന് പഞ്ചവാദ്യം അവതരിപ്പിക്കും. ഏഴിന് ഭക്തിപ്രഭാഷണവും 8.30-ന് കല്ലൂർ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിലുള്ള തായമ്പകയും ഉണ്ടാകും.

11.30-ന് കൃഷ്ണാവതാരം ഭാഗവതപാരായണവും പ്രഭാഷണവും നടക്കും. 12.45-ന് ആരംഭിക്കുന്ന അത്താഴപ്പൂജ, ശീവേലി, തൃപ്പുക എന്നിവയ്ക്കുശേഷം നട അടയ്ക്കും. പകൽ 11 മുതൽ രണ്ടുമണിവരെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ പ്രസാദഊട്ട് ഉണ്ടായിരിക്കും. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വടക്കുന്നാഥക്ഷേത്രത്തിൽ ഗോപൂജ നടക്കും. ക്ഷേത്രം ഗോശാലയിലെ ഗോക്കളെയാണ് മേൽശാന്തിയുടെ നേതൃത്വത്തിൽ പൂജിക്കുക. രാവിലെ എട്ടുമണിക്കാണ് പരിപാടി. കൂടാതെ ക്ഷേത്രത്തിലെ ഗോശാലകൃഷ്ണന് പ്രത്യേക അഭിഷേകം ഉണ്ടായിരിക്കും. നിറമാല, ചുറ്റുവിളക്ക് എന്നിവയും നടക്കും.