റീബിൽഡ് കേരള പദ്ധതിപ്രകാരം പുതുക്കിപ്പണിത ലക്ഷംവീട് കോളനി റോഡ്‌ തകർന്നു.

Friday, 21 May, 2021  ANOOB NOCHIMA

പുന്നയൂർക്കുളം : പഞ്ചായത്ത് എട്ടാം വാർഡായ ചമ്മന്നൂരിൽ റീബിൽഡ് കേരള പദ്ധതിപ്രകാരം പുതുക്കിപ്പണിത ലക്ഷംവീട് കോളനി റോഡ്‌ തകർന്നു. നിർമാണം പൂർത്തീകരിച്ച് രണ്ടുമാസം പിന്നിടുന്നതിനിടെയാണ് റോഡ് തകർന്നത്. കാന, സംരക്ഷണഭിത്തി ഉൾപ്പെടെ 62 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. റോഡിന്റെ ഒരുമീറ്ററോളം ഭാഗമാണ് പൊളിഞ്ഞിട്ടുള്ളത്. മറ്റ് ഭാഗങ്ങളിലും വിള്ളലുകളും ഏറ്റക്കുറച്ചിലുകളുമുണ്ട്. നിർമാണത്തിൽ അപാകമുെണ്ടന്നാണ് പരാതി. റീബിൽഡ് കേരള പദ്ധതിപ്രകാരം നിർമിക്കുന്ന റോഡുകൾക്ക്‌ വരുംകാല പ്രളയത്തെ അതിജീവിക്കുന്നതരത്തിലുള്ള സങ്കേതികത ഉറപ്പുവരുത്തണമെന്നും കൂടുതൽ കാലം ഈടുനിൽക്കുന്നതായിരിക്കണമെന്നുമാണ് നിർദേശം. മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രദേശമായതിനാലാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം നടത്തിയത്. വെള്ളം പോകുന്നതിനായി റോഡിനൊപ്പം കാനയും നിർമിച്ചിട്ടുണ്ട്.പലഭാഗങ്ങളും മുമ്പ് ഉള്ളതിനേക്കൾ മണ്ണിട്ട് ഉയർത്തിയാണ് നിർമിച്ചത്. പക്ഷേ, ഈ ഭാഗങ്ങളിൽ കൃത്യമായ തോതിൽ ടാറിട്ടിട്ടില്ലെന്നാണ് ആക്ഷേപം.

ചമ്മന്നൂർ സെന്ററിൽനിന്ന്‌ ആരംഭിക്കുന്ന റോഡ് അവസാനിക്കുന്നിടത്താണ് വലിയതോതിൽ പൊളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് റോഡ് തകർന്നത്. ഇപ്പോൾ താത്‌കാലികമായി കുഴി അടച്ചിട്ടുണ്ട്. റോഡുപണിക്ക് ശേഷം ഈ ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പൊളിച്ചിരുന്നതായും ഇതിനാൽ മണ്ണിന്റെ ബലം കുറഞ്ഞതായും അപ്രതീക്ഷ മഴ ഉണ്ടായതിനാലാണ് റോഡ് പൊളിഞ്ഞതെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.മഴ കുറയുന്ന സാഹചര്യത്തിൽ പൊളിഞ്ഞഭാഗം കോൺക്രീറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് പ്രഡിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു.