‘പെരിഞ്ഞനോർജം’ സൗരവൈദ്യുതപദ്ധതി രണ്ടാംഘട്ടത്തിലേക്ക്.

Friday, 09 Oct, 2020   HARITHA SONU

പെരിഞ്ഞനം : സ്വന്തമായി ഉത്പാദിപ്പിച്ച വൈദ്യുതി ഉപയോഗിച്ച് നാടിന് വെളിച്ചം പകരുകയാണ് പെരിഞ്ഞനം പഞ്ചായത്ത്. ‘പെരിഞ്ഞനോർജം’ സൗരവൈദ്യുതപദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പെരിഞ്ഞനത്തെ തെരുവുകൾ പ്രകാശപൂരിതമാകുന്നത്. സമ്പൂർണ എൽ.ഇ.ഡി. തെരുവുവിളക്ക് ഗ്രാമമെന്ന ലക്ഷ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

പെരിഞ്ഞനം ഗവ. യു.പി. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സൗജന്യമായി സ്ഥാപിച്ച ഒമ്പതര കിലോവാട്ട് സൗരവൈദ്യുതി പ്ലാൻറിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പഞ്ചായത്തിലെ 750 എൽ.ഇ.ഡി. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പാപ്പിനിവട്ടം ബാങ്കിന്‍റെ കീഴിലുള്ള ഊർജമിത്ര എന്ന സ്ഥാപനമാണ് എൽ.ഇ.ഡി. ബൾബുകൾ നിർമിച്ച് സ്ഥാപിക്കുന്ന പണി പൂർത്തീകരിച്ചത്. മണപ്പുറം ഫിനാൻസിന്റെ സി.എസ്.ആർ. ഫണ്ട്‌ അഞ്ച് ലക്ഷവും പഞ്ചായത്ത് തനതുഫണ്ട്‌ നാല് ലക്ഷവുമുൾപ്പെടെ ഒമ്പത് ലക്ഷമാണ് പദ്ധതിത്തുക.

പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിച്ച് വീടുകളിൽനിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന അഞ്ഞൂറ് കിലോവാട്ട് പദ്ധതി 2019 സെപ്‌റ്റംബറിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 700 കിലോവാട്ട് ആയി ഉത്‌പാദനം പിന്നീട് വർധിപ്പിക്കുകയായിരുന്നു. 11,900 യൂണിറ്റാണ് ഒരുവർഷത്തെ മൊത്തം ഉത്പാദനം. പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിപ്പിക്കുവാനാവശ്യമായ വൈദ്യുതി നിലവിൽ പഞ്ചായത്ത് സ്വന്തമായി ഉത്‌പാദിപ്പിക്കുന്നുണ്ട്. എൽ.ഇ.ഡി. ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 13-ന് ഇ.ടി. ടൈസൺ എം.എൽ.എ. നിർവഹിക്കും.