ആറ്റപ്പിള്ളി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വിള്ളൽ രൂപപ്പെടുന്നതായി ആശങ്ക; പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

Monday, 21 Jun, 2021   HARITHA SONU

മറ്റത്തൂർ : ആറ്റപ്പിള്ളി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ വലിയകുഴി മൂടിയ ഭാഗത്ത് വീണ്ടും വിള്ളൽ രൂപപ്പെടുന്നതായി ആശങ്ക. ഇതേത്തുടർന്ന് ഇറിഗേഷൻ അധികൃതർ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഏകദേശം 15 ദിവസം മുമ്പാണ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വലിയ കുഴി ഉണ്ടായത്. പത്തുലോഡ് ക്വാറിപ്പൊടി ഇട്ട് മൂടി താത്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

തിങ്കളാഴ്ച വീണ്ടും കുറുമാലിപ്പുഴയിൽ മറ്റത്തൂർ ഭാഗത്ത് പുഴവെള്ളം കലങ്ങി ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു. പാലത്തിനടിയിലെ ഏതോ പഴുതിലൂടെ വെള്ളം എത്തുന്നതാണ് പ്രശ്ന കാരണമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. മണ്ണ് ഒലിച്ച് പുഴയിൽ എത്തുന്ന സാഹചര്യത്തിൽ വീണ്ടും പെട്ടെന്ന് കുഴി ഉണ്ടായി വാഹനയാത്രികർ അപകടത്തിൽപ്പെടാതിരിക്കാനുള്ള മുൻകരുതലായാണ് വാഹനഗതാഗതം നിരോധിച്ചതെന്നാണ് മേജർ ഇറിഗേഷൻ അധികൃതർ പറയുന്നത്. ഇരുകരയിലുമുള്ള നാട്ടുകാരും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും എഎക്സ്.ഇ. റപ്പായി പറഞ്ഞു.