കായിക ലഹരി - ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Tuesday, 15 Aug, 2023   P M JAFFAR

മതിലകം ബ്ലോക്ക് പഞ്ചായത്ത് പതിന്നാലാം ഡിവിഷൻ മെമ്പർ ആർ.കെ.ബേബിയുടെ നേതൃത്വത്തിൽ നടക്കുന്ന  കായിക ലഹരി എന്ന തനത് പദ്ധതിയുടെ ഭാഗമായ് പെരിഞ്ഞനം വെസ്റ്റ് എസ്.എൻ.സ്മാരകം യു.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന കായികപരിശീലന ക്യാമ്പും കായികോപകരണങ്ങളുടെ വിതരണവും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റെ വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.കെ.ബേബി പദ്ധതി വിശദീകിരിച്ചു. 

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷ കെ.കെ.വത്സമ്മ, മധു മാസ്റ്റർ, സ്റ്റാലിൻ റാഫേൽ, സ്ക്കൂൾ മാനേജർ  പി.ആർ.സുജീവ്, സ്നേഹ ദത്ത്, കെ.പി.ഷാജി, സജീവൻ പടിഞ്ഞാറെക്കുറ്റ് , ജയന്തി മനോജ്, സംഗീത, വിവേക് രാജ് എന്നിവർ സംസാരിച്ചു. കായിക ക്യാമ്പിലെ അംഗങ്ങളായ കുട്ടികൾക്ക് എല്ലാ ദിവസവും പാലും മുട്ടയും നൽകുന്നുണ്ട്. ഇതിന് പുറമെ ഡിവിഷനിലെ മറ്റ് മൂന്ന് സ്ക്കൂളുകളിലെ കുട്ടികൾക്കും നാട്ടിലെ ചെറുപ്പക്കാർക്കും ഉന്നത നിലവാരത്തിലുള്ള  പരിശീലനവും, കളിസ്ഥലവും, കായികോപകരങ്ങളും പരിശീലകരേയും   നൽകുന്നതാണ് കായിക ലഹരി എന്ന ഈ പദ്ധതി. ഈ പദ്ധതിക്ക് കീഴിൽ ഇതുവരെ നാല് അധ്യാപകരെ താൽക്കാലികമായ് നിയമിച്ച് കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം രൂപക്കുള്ള കായികോപകരണങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഇതുവരെ സ്ക്കൂളുകൾക്ക് നൽകി കഴിഞ്ഞത്.