ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രനിർമാണം ആരംഭിച്ചു.

Thursday, 03 Aug, 2023   HARITHA SONU

കൊടുങ്ങല്ലൂർ : വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം വടക്കേ നടയിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിലായി ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രനിർമാണം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി വടക്കേ നടയിലെത്തുന്ന യാത്രക്കാർക്ക് ബസ്‌ കാത്തിരിപ്പുകേന്ദ്രമില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടുവർഷം മുമ്പേ എം.എൽ.എ. ഇതിനായി ഫണ്ട് നീക്കിവെച്ചെങ്കിലും ഇവിടത്തെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന് പദ്ധതി നീളുകയായിരുന്നു. ഒരു മാസം മുമ്പ് നഗരസഭ ഇടപെട്ട് 17 കച്ചവടക്കാരെ കാവിൽക്കടവിലേക്ക് മാറ്റി സ്ഥലം ഒഴിപ്പിച്ചതോടെയാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞത്.

വി.ആർ. സുനിൽകുമാർ എം.എൽ.എ. യുടെ ആസ്തി വികസനഫണ്ടിൽനിന്ന് 22,37,000 രൂപ വകയിരുത്തി പതിനെട്ട് മീറ്റർ നീളത്തിലും നാലു മീറ്റർ വീതിയിലും ആണ് കേന്ദ്രം നിർമിക്കുന്നത്. ഇതിൽ എഫ്.എം. റേഡിയോ, വൈഫൈ, സി.സി. ടി.വി. ക്യാമറ എന്നിവയ്ക്ക് പുറമേ മുലയൂട്ടുന്ന അമ്മമാർക്ക് ഫീഡിങ് റൂമും പ്രത്യേകമായി ഒരുക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് രൂപകൽപ്പന. നിർമാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അധ്യക്ഷയായി. വി.എസ്. ദിനൽ, ലതാ ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, കെ.ആർ. ജൈത്രൻ, ഡി.ടി. വെങ്കിടേശ്വരൻ, സെക്രട്ടറി എൻ.കെ. വ്രജ എന്നിവർ പ്രസംഗിച്ചു.