ഗുരുവായൂരപ്പന് മഹീന്ദ്ര നൽകിയത് 29 ലക്ഷത്തിന്റെ ന്യൂജനറേഷൻ കാർ

Saturday, 08 Jul, 2023  കൂവപ്പടി ജി. ഹരികുമാർ

ഗുരുവായൂർ: പ്രശസ്ത വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ശനിയാഴ്ച ഗുരുവായൂരപ്പന് വഴിപാടായി നൽകിയത് ഒരു കാറാണ്. 28,85853 രൂപയോളം ഓൺ റോഡ് വിലവരുന്ന എക്സ്.യു.വി. വിഭാഗത്തിൽ വരുന്ന 700 എഎക്സ്-7 സീരീസിലെ 2000 സി.സിയുടെ വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക്ക് പെട്രോൾ കാറാണ് ഇത്തവണ മഹീന്ദ്ര, ഗുരുവായൂരപ്പനു സമർപ്പിച്ചത്. വിപണിയിൽ മഹീന്ദ്രയ്ക്ക്  നല്ല വില്പനയുള്ള വാഹനമാണിത്. ശനിയാഴ്ച  ഉച്ചപ്പൂജയ്ക്കു ശേഷം നടതുറന്ന നേരത്തായിരുന്നു വാഹനസമർപ്പണച്ചടങ്ങ്.  കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാഹനത്തിന്റെ  താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ  ആട്ടോമോട്ടീവ്  ടെക്നോളജി ആന്റ്  പ്രോഡക്ട് ഡെവലപ്പ്മെന്റ്  പ്രസിഡന്റ് ആർ. വേലുസ്വാമിയിൽ നിന്നും ഏറ്റുവാങ്ങി.  ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ്  ആന്റ് പി) എം. രാധ,  മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജറും എക്സിക്യൂട്ടീവ്  ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേയ്ക്കു സമർപ്പിച്ചിരുന്നു. ഇതിന്റെ ലേലവില്പന സംബന്ധിച്ച്  ദേവസ്വം വിവാദത്തിൽപ്പെട്ടിരുന്നു.