പെരിങ്ങോട്ടുകര-അന്തിക്കാട് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Thursday, 10 Jun, 2021  ANOOB NOCHIMA

അന്തിക്കാട് : കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ എടുത്ത കുഴിയുടെ അരികിടിഞ്ഞ് പെരിങ്ങോട്ടുകര-അന്തിക്കാട് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുത്തൻപീടിക മഞ്ഞപ്പിത്തം സെന്ററിലാണ് കനത്ത മഴമൂലമുണ്ടായ വെള്ളക്കെട്ടിൽ റോഡിന്റെ പാതിഭാഗം തകർന്നത്. ഇതുവഴി വന്ന സൈക്കിൾ യാത്രക്കാരന് കുഴിയിൽ വീണ് പരിക്കുപറ്റി. വിവിധ കുടിവെള്ള പദ്ധതികൾക്കായി റോഡുകൾ പൊളിച്ചതുമൂലം താന്ന്യം, അന്തിക്കാട്, ചാഴൂർ പഞ്ചായത്തുകളിലെ പ്രധാന റോഡുകളിലൂടെയുള്ള യാത്ര തീർത്തും ദുഷ്‌കരമാണ്. രണ്ട് വർഷമായി തുടങ്ങിയ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. നിരവധി പേർക്കാണ് ഇതിനകം കുഴികളിൽ വീണ് പരിക്കേറ്റത്. ഗതാഗതം സാധ്യമല്ലാത്ത രീതിയിലാണ് പലയിടത്തും റോഡിന്റെ അവസ്ഥ.