കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കനാൽ നവീകരണം കർഷകരെ വലച്ചു.

Sunday, 11 Apr, 2021  ANOOB NOCHIMA

ശ്രീകൃഷ്ണപുരം : കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കനാൽ നവീകരണം പൂക്കോട്ടുകാവ് പഞ്ചായത്തിലെ കല്ലുവഴി മേക്കാംകാവിനടുത്തുള്ള അയ്യപ്പൻകുറ്റി പാടശേഖരത്തിലെ കർഷകരെ വലച്ചു. നാലുമാസംമുമ്പ് ഇടതുകരകനാലിന്റെ പൊതി, അടയ്ക്കാപ്പുത്തൂർ കൈക്കനാലിന്റെ കരിങ്കല്ലുകൊണ്ടുള്ള അരികുഭിത്തി മാറ്റി 200 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. പണിനടക്കുമ്പോൾ പാടശേഖരത്തിലേക്കുള്ള കനാൽപ്പാലവും പൊളിച്ചതോടെ കർഷകർക്ക് പാടത്തേക്ക് ട്രാക്ടറിറക്കാൻ വഴിയില്ലാതായി. കാർഷിക ഉത്‌പന്നങ്ങൾ കൊണ്ടുപോകാനും തടസ്സമായി. 30 ഏക്കർ നെൽവയൽ ഈ പാടശേഖരത്തിലുണ്ട്. പണി നടക്കുമ്പോൾ പാലം പുനർനിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. കല്ലുവഴിയിലേക്കുളള യാത്രക്കാരും പാലമില്ലാതായതോടെ ബുദ്ധിമുട്ടിലായി. പഴയ കെട്ടിന്റെ കല്ലുകളും പഴയ നടപ്പാലം പൊളിച്ചതിന്റെ അവശിഷ്ടവും അരികിൽ കൂട്ടിയിട്ടതും യാത്രയ്ക്ക് തടസ്സമാകുന്നതായി കർഷകർ പരാതിപ്പെടുന്നു.