അഴുക്കുചാലിൽനിന്നുള്ള മലിനജലം ഒഴുകി കിണറ്റിലേക്കെത്തിയതോടെ കുടിവെള്ളമെടുക്കാനാവാതെ കുടുംബം.

Wednesday, 13 Sep, 2023   HARITHA SONU

അമ്പലപ്പാറ : അഴുക്കുചാലിൽനിന്നുള്ള മലിനജലം ഒഴുകി കിണറ്റിലേക്കെത്തിയതോടെ കുടിവെള്ളമെടുക്കാനാവാതെ കുടുംബം. അമ്പലപ്പാറ തൈവളപ്പിൽ സീനത്തിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് മലിനജലം ഒഴുകിയിറങ്ങുന്നത്. മഴ തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ ദുരിതം തുടങ്ങിയത്. വിവിധ ഭാഗങ്ങളിൽനിന്ന് അമ്പലപ്പാറ സെൻററിൽ ഒഴുകിയെത്തുന്ന മലിനജലം ഇവരുടെ വീടിനുസമീപത്തുകൂടിയാണ് പോകുന്നത്. മാസങ്ങൾക്കുമുമ്പ് മംഗലാംകുന്ന് റോഡിൽ അഴുക്കുചാൽ നിർമാണം നടന്നിരുന്നു. ഇതിന്റെഭാഗമായി സെൻററിൽനിന്ന് ഇവരുടെ വീടിന് പിൻവശംവരെ ചാൽ വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇവരുടെ കിണറ്റിലേക്ക് വെള്ളമിറങ്ങിത്തുടങ്ങിയത്.

ഈ ഭാഗം അടഞ്ഞതാണ് അഴുക്കുചാലുകളിൽനിന്നുള്ള വെള്ളം സ്ലാബിനടിയിലൂടെ വീടിനുപിന്നിലെ കിണറിന് സമീപത്തേക്കെത്താൻ കാരണം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കിണറിനുസമീപംതന്നെ കുഴി രൂപപ്പെട്ടു. ഇതുവഴിയാണ് വലിയ പൈപ്പ് തുറന്നുവിട്ടതിന് സമാനമായ രീതിയിൽ വെള്ളം കിണറ്റിലേക്കെത്തുന്നത്. മലിനജലത്തിനൊപ്പം മാലിന്യവും വീടിനുപിന്നിൽ അടിയുന്നുണ്ട്. നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കിണർ പരിശോധിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിൽ മോട്ടോർ സ്ഥാപിച്ചാണ് വീട്ടിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്നത്. വാർഡംഗത്തോട് പരാതി പറഞ്ഞതായി സീനത്ത് പറഞ്ഞു. സംഭവം പഞ്ചായത്തധികൃതരെ അറിയിച്ചതായി വാർഡംഗം ഐ. സി കമലാക്ഷി പറഞ്ഞു.