കുന്നുംപുറത്ത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചുനീക്കുന്നു.

Monday, 18 Sep, 2023   HARITHA SONU

കുന്നുംപുറം : അമ്പലപ്പാറ - മംഗലാംകുന്ന് റോഡിൽ കുന്നുംപുറത്ത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ചുനീക്കുന്നു. ഈ സ്ഥലത്ത് വഴിയോര വിശ്രമകേന്ദ്രം (ടേക് എ ബ്രേക്ക്) ഉയരും. ഏതുനിമിഷവും തകർന്നുവീഴാവുന്നതരത്തിൽ നാലുകാലുകളുടെയും സിമൻറ് അടർന്ന് അപകടഭീഷണിയായി നിൽക്കുന്ന സംഭരണിയാണ് പൊളിച്ചുനീക്കുക. ഇവിടെ ശുചിത്വ മിഷന്റെ ഫണ്ടിൽനിന്ന് 7.75 ലക്ഷം രൂപ ചെലവിലാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. സംഭരണി പൊളിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നമുറയ്ക്ക് വിശ്രമകേന്ദ്രം നിർമാണം തുടങ്ങും. ശൗചാലയങ്ങൾ അടക്കമുള്ള ആധുനികരീതിയിലുള്ള വിശ്രമകേന്ദ്രം നിർമിക്കാനാണ് പദ്ധതി. ദീർഘദൂര യാത്രികർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്.

സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് തകരാറായതിനെത്തുടർന്ന് 30 വർഷത്തിലധികമായി ഉപയോഗിക്കാതെ കിടക്കുകയാണ്. സംഭരണി അറ്റകുറ്റപ്പണി നടത്താൻ പിന്നീട് ശ്രമമുണ്ടായില്ല. ഈ സാമ്പത്തികവർഷംതന്നെ നിർമാണം പൂർത്തിയാക്കി വിശ്രമകേന്ദ്രം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. വിജയലക്ഷ്മി അറിയിച്ചു.