കാഴ്ചപ്പാടിന്റെ തെളിച്ചത്തിൽ വായനോത്സവം ആഘോഷമാക്കി.

Sunday, 10 Sep, 2023   HARITHA SONU

ആലത്തൂർ : കാഴ്ചയ്ക്ക് മങ്ങലുണ്ടെങ്കിലും കാഴ്ചപ്പാടിന്റെ തെളിച്ചത്തിൽ അവർ വായനോത്സവം ആഘോഷമാക്കി. ആലത്തൂർ താലൂക്ക് റഫറൻസ് ലൈബ്രറി മുതിർന്നവർക്കുവേണ്ടി നടത്തിയ വായനോത്സവമായിരുന്നു വേദി. 78-കാരനായ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ. രാജഗോപാലൻ, റിട്ട. എസ്. ഐ. കെ. കെ എബ്രഹാം, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ യേശുദാസ് കുഞ്ഞ്, അറബിക്‌ കോളേജ് അധ്യാപിക ജനത്തു ഹുസൈൻ തുടങ്ങി 45 പേർ പങ്കെടുത്തു. എഴുത്തും വായനയും ഈ പ്രായത്തിലും വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു ഇവർ.

സംസ്ഥാന ലൈബ്രറി കൗൺസിൽ വായിക്കാൻ നിർദേശിച്ച 10 പുസ്തകങ്ങളും പൊതുവിഷയങ്ങളും ചേർത്തായിരുന്നു വായനോത്സവത്തിന്റെ ചോദ്യക്കടലാസ്. ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകൻ എൻ. ബാലസുബ്രഹ്മണ്യൻ മോഡറേറ്ററായിരുന്നു. എം. എ നാസർ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ടി. അശോക് കുമാർ സംസാരിച്ചു.