സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള പൈപ്പ്‌ലൈൻ നീട്ടൽ പ്രവൃത്തികൾ അവസാനഘട്ടത്തിൽ.

Saturday, 22 May, 2021  ANOOB NOCHIMA

ഷൊർണൂർ : സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള പൈപ്പ്‌ലൈൻ നീട്ടൽ പ്രവൃത്തികൾ അവസാനഘട്ടത്തിൽ. നാല് മേഖലകളാക്കിത്തിരിച്ചുള്ള പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായി. ടൗൺ മേഖലകളിലെ സങ്കീർണമായ പൈപ്പിടൽ പ്രവൃത്തികൾ അടച്ചിടൽ കാലത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജല അതോറിറ്റിയുടെ പാലക്കാട് പ്രോജക്ട് വിഭാഗമാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 19 കോടിയോളം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

അരനൂറ്റാണ്ടോളം പഴക്കമുള്ള ഷൊർണൂരിലെ കുടിവെള്ളവിതരണശൃംഖലകളെല്ലാം മാറ്റുന്നതാണ് പദ്ധതി. വിതരണശൃംഖലയിലെ പൈപ്പുകളുടെ കാലപ്പഴക്കം കാരണം പ്രതിദിനമെന്നോണം പൈപ്പുപൊട്ടി വെള്ളം പാഴാവുകയാണ്. ഈ പ്രശ്‌നത്തിന് പൈപ്പിടൽ പ്രവൃത്തി പൂർത്തിയായാൽ പരിഹാരമാകും. കുളപ്പുള്ളി, ഷൊർണൂർ, കവളപ്പാറ, മുണ്ടായ എന്നീ മേഖലകളായി തിരിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിൽ കവളപ്പാറ, കുളപ്പുള്ളി ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഷൊർണൂർ ടൗണിൽ പോസ്റ്റോഫീസ് പാത കുഴിച്ച് പ്രധാന പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇവിടെ പൈപ്പിടുന്നതിലെ തടസ്സം ഉന്നയിച്ചതോടെ ശനിയാഴ്ചരാവിലെ നഗരസഭാ അധ്യക്ഷൻ എം.കെ. ജയപ്രകാശ് എത്തിയാണ് പരിഹരിച്ചത്.

പാതയുടെ മധ്യഭാഗത്തുകൂടി പൈപ്പിട്ടാണ് പ്രശ്‌നത്തിന് പരിഹാരം കാണുക. വശങ്ങളിൽ അഴുക്കുചാലും മറ്റ് കേബിളുകളും കടന്നുപോകുന്നതിനാൽ വലിയ പൈപ്പ് സ്ഥാപിക്കാനുള്ള സ്ഥലമില്ലാതായതോടെയാണ് തടസ്സമുണ്ടായത്. പ്രവൃത്തികൾ നടത്തുന്ന കരാറുകാർ ഇതോടെ പ്രതിസന്ധിയിലായപ്പോൾ നഗരസഭാ അധ്യക്ഷനെ അറിയിക്കുകയായിരുന്നു.