ശമ്പളം നൽകാത്തതിൽ കമ്പനിക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

Tuesday, 05 Sep, 2023   HARITHA SONU

കഞ്ചിക്കോട് : കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കഞ്ചിക്കോട് ഐ. ടി. ഐ യൂണിറ്റിലെ ഓഫീസർമാർക്കും തൊഴിലാളികൾക്കും മൂന്നുമാസമായി ശമ്പളം നൽകാത്തതിൽ കമ്പനിക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഇത്തവണ ഓണത്തിനു പോലും ഒരുസഹായവും നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഐ. എസ്. ആർ. ഒ യുടെ ചന്ദ്രയാൻ, ആദിത്യ മിഷനുകളിൽ പ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് ഐ. ടി. ഐ 2012 മുതലുള്ള എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും ഐ. ടി. ഐ യാണ് റിമോട്ട് മൗണ്ട് സേഫ് ആം (ആർ. എം. എസ്. എ), (ആർ. എഫ്) പാക്കേജുകൾ നിർമിച്ചുനൽകുന്നത്. കരസേന, കേരളത്തിലെ സർവകലാശാലകൾ എന്നിവയ്ക്കുവേണ്ടിയും സാധനങ്ങൾ നിർമിച്ചുനൽകുന്നുണ്ട്. കൈറ്റിന് 8,000 ലാപ്ടോപ്പുകൾ തുടങ്ങിയവയും ഐ. ടി. ഐ യിൽ നിർമിച്ചവയാണ്.

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള ബി. എസ്. എൻ. എൽ, എം. ടി. എൻ. എൽ എന്നീ സ്ഥാപനങ്ങളിൽ കൃത്യമായി ശമ്പളം നൽകുമ്പോൾ ഐ. ടി. ഐ യോട് അവഗണന കാണിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന് ഭീഷണിയുയർത്തിയതായും പറയുന്നു. കമ്പനിക്കുമുന്നിൽ ചേർന്ന ജീവനക്കാരുടെ പ്രതിഷേധസമരം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ എസ്. ബി രാജു ഉദ്ഘാടനംചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. അനിൽകുമാർ അധ്യക്ഷനായി. എ. മുരളീധരൻ, എൻ. രാജഗോപാൽ, എം. ശിവദാസ് എന്നിവർ സംസാരിച്ചു.