ക്ഷീരകർഷകർക്ക് കൈത്താങ്ങായി സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു.

Monday, 21 Jun, 2021   HARITHA SONU

പാലക്കാട്‌ : കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകർഷകർക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ 530 പേർക്ക് കാലിത്തീറ്റയും കോവിഡ് ബാധിച്ച് മരിച്ച 13 കർഷകരുടെ ആശ്രിതർക്ക് ധനസഹായവും നൽകി. ധനസഹായ വിതരണം മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ്, നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ജെ എസ് ജയസുജീഷ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എൻ ബിന്ദു എന്നിവർ സംസാരിച്ചു.