അതിഥിത്തൊഴിലാളികൾകക്‌ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു.

Sunday, 20 Jun, 2021   PM JAFFAR

പാലക്കാട് : അതിഥിത്തൊഴിലാളികൾകക്‌ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിൽ കെ പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ വാക്‌സിനേഷൻ ക്യാമ്പുകളിൽനിന്ന്‌ 274 അതിഥിത്തൊഴിലാളികൾ വാക്‌സിൻ സ്വീകരിച്ചു. ഒറ്റപ്പാലം എൽഎസ്എൻജിഎച്ച്എസ്എസിൽനിന്ന്‌ 221പേരും കൊഴിഞ്ഞാമ്പാറ വണ്ണാമട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ 53പേരും വാക്‌സിൻ സ്വീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുനിത, കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ് ലേബർ ഓഫീസർ ജോബി തോമസ്, വണ്ണാമട ഹെൽത്ത് ഇൻസ്‌പെക്‌ടർ നിഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലേബർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ സർവേയിലൂടെ ശേഖരിച്ച് കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് വാക്‌സിൻ എടുക്കുന്നത്. കൂടുതൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്യുന്നതിന് അനുസരിച്ച് വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ ലേബർ ഓഫീസ് അറിയിച്ചു. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ ജാനകീദേവി, വൈസ് ചെയർമാൻ രാജേഷ്, ഒറ്റപ്പാലം അസിസ്റ്റന്റ് ലേബർ ഓഫീസർ എം പി പ്രഭാത്, മെഡിക്കൽ സൂപ്രണ്ട് നിഷാദ്, ഡെപ്യൂട്ടി ലേബർ ഓഫീസർ കെ ജയപ്രകാശ് നാരായണൻ, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ എം എസ് സുരേഷ്, എ കെ വിജുല എന്നിവർ സംസാരിച്ചു.