സ്‌കൂളിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് അധ്യാപികയ്ക്കും വിദ്യാർഥിക്കും പരിക്ക്.

Friday, 07 Jul, 2023   HARITHA SONU

ഒറ്റപ്പാലം : പനമണ്ണയിൽ സ്‌കൂളിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് അധ്യാപികയ്ക്കും വിദ്യാർഥിക്കും പരിക്ക്. അധ്യാപിക കുളപ്പുള്ളി നവനീതം വീട്ടിൽ ശ്രീജ (45), വിദ്യാർഥി സൗത്ത് പനമണ്ണ പൂക്കാട്ടുകുറിശ്ശി ദിലീപിന്റെ മകൻ ആദർശ് (9) എന്നിവർക്കാണ് പരിക്കേറ്റത്. പനമണ്ണ ദേശബന്ധു എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് മുറിയുടെ ഓടുമേഞ്ഞ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച വൈകീട്ട് 3.30-ന് ഇന്റർവെൽ സമയത്താണ് അപകടമുണ്ടായത്. ഈ സമയത്ത് അധ്യാപികയും ഒരു വിദ്യാർഥിയും ക്ലാസിൽ ഉണ്ടായിരുന്നു. പെട്ടെന്നാണ് മേൽക്കൂര ഇടിഞ്ഞുവീണത്. പരിക്കേറ്റ ഇരുവരെയും അധ്യാപകർ കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും തലയിലാണ് പരിക്കേറ്റതെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

1925-ലാണ് സ്‌കൂൾ സ്ഥാപിച്ചത്. ഇത്തവണ അധ്യയനവർഷം തുടങ്ങും മുമ്പ് മേൽക്കൂരയെല്ലാം പൊളിച്ചുമേഞ്ഞിരുന്നതായാണ് പ്രധാനാധ്യാപിക വി. ജ്യോതി പറയുന്നത്. സ്‌കൂൾ വികസനസമിതിയുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയിരുന്നതെന്നും പ്രധാനാധ്യാപിക പറഞ്ഞു. 29 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഒറ്റപ്പാലം തഹസിൽദാർ സി.എം. അബ്ദുൾ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.