തൂതപ്പുഴയിലെ മപ്പാട്ടുകരയിൽ താത്‌കാലിക പാലമായി.

Sunday, 14 Mar, 2021  ANOOB NOCHIMA

കുലുക്കല്ലൂർ : ഇരുകരകളിലെയും നാട്ടുകൂട്ടായ്മ മുന്നിട്ടിറങ്ങിയതോടെ മറുകരയെത്താൻ തൂതപ്പുഴയിലെ മപ്പാട്ടുകരയിൽ താത്‌കാലിക പാലമായി. കുലുക്കല്ലൂർ പഞ്ചായത്തിലെത്തുന്ന നെല്ലായ-മപ്പാട്ടുകര റോഡിനെയും മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലെ മുതുകുറിശ്ശി-എളാട് റോഡിനെയും കൂട്ടിയിണക്കുംവിധമാണ്‌ മപ്പാട്ടുകരയിൽ ജനകീയ പങ്കാളിത്തത്തോടെ താത്‌കാലിക പാലം നിർമിച്ചത്.

തൂതപ്പുഴയ്ക്കുകുറുകേ മപ്പാട്ടുകരയിൽ പാലം വേണമെന്ന ആവശ്യത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മയിൽ ഇരുമ്പുപൈപ്പുകളും ഇരുമ്പുഷീറ്റുകളും ഉപയോഗിച്ച് താത്‌കാലിക പാലം നിർമിച്ചത്. 92,000 രുപ ചെലവിലാണ് പണി പൂർത്തിയാക്കിയതെന്ന് താത്‌കാലിക പാലം യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച പള്ളത്ത് യൂസഫ് പറഞ്ഞു. പുഴമുറിച്ചുകടക്കാൻ കടത്തുതോണി ഉണ്ടായിരുന്നെങ്കിലും ഇത് നിലച്ചിട്ട് വർഷങ്ങളായി. ചെർപ്പുളശ്ശേരി വഴി പെരിന്തൽമണ്ണയിലെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പാലം വരികയാണെങ്കിൽ പെരിന്തൽമണ്ണയിലേക്കുള്ള യാത്ര 12 കിലോമീറ്ററായി ചുരുങ്ങും. 2016-ൽ മപ്പാട്ടുകര പാലം നിർമാണത്തിനായി 14 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, നബാർഡിൽനിന്ന്‌ സാമ്പത്തികാനുമതി ലഭിച്ചില്ല. റെയിൽവേ അണ്ടർപാസ് ഉൾപ്പെടെ പാലത്തിന് ബജറ്റിൽ ടോക്കൺ അനുമതിയുണ്ട്.