കുലുക്കല്ലൂർ വണ്ടുംതറ-ഇടക്കടവ് റോഡ് നിർമാണം പുനരാരംഭിച്ചു.

Wednesday, 03 Mar, 2021  ANOOB NOCHIMA


കുലുക്കല്ലൂർ : പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുലുക്കല്ലൂർ വണ്ടുംതറ-ഇടക്കടവ് റോഡ് നിർമാണം പുനരാരംഭിച്ചു. മാസങ്ങളായി പ്രവൃത്തികൾ മുടങ്ങിക്കിടക്കുന്നതിനാൽ, റോഡിൽ നിന്നുള്ള പൊടിശല്യം യാത്രക്കാരെയും മറ്റും ദുരിതത്തിലാക്കിയിരുന്നു. ഇതിനെതിരേ വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് പണി പുനരംഭിച്ചിരിക്കുന്നത്. പൈപ്പ് ലൈൻ നീട്ടലുമായി ബന്ധപ്പെട്ട് റോഡരികിൽ പ്രവൃത്തികൾ നടക്കുന്നതിനാലാണ് പണി നിർത്തിവെച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കേന്ദ്ര ഫണ്ടിൽനിന്നും 13 കോടിയോളം രൂപ ചെലവഴിച്ചാണ് റോഡ് റബ്ബറൈസ് ചെയ്യുന്നത്. 2018-ലാണ് റോഡ് നവീകരിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നത്. പല കാരണങ്ങളാലും പ്രവൃത്തികൾ തുടങ്ങാൻ വൈകി. ഒരുവർഷം മുൻപാണ് പണി തുടങ്ങിയത്. സമയബന്ധിതമായിത്തന്നെ റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.