ദുരിതത്തിലായ കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ കിട്ടിയ വിലയ്ക്ക് വിൽപ്പന നടത്തി.

Wednesday, 12 May, 2021  ANOOB NOCHIMA


ചിറ്റൂർ : കോവിഡും ലോക്ഡൗണും എൽപ്പിച്ച പ്രഹരത്തിൽ ദുരിതത്തിലായ കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ കിട്ടിയ വിലയ്ക്ക് വിൽപ്പന നടത്തി. ബുധനാഴ്ച അണിക്കോട്ടായിരുന്നു വിൽപ്പന. കേട്ടറിഞ്ഞ് പച്ചക്കറിവാങ്ങാൻ ഒട്ടേറെപ്പേർ എത്തി. വടകരപ്പതി, ഏരുത്തേമ്പതി മേഖലയിലെ കർഷകരാണ് പച്ചക്കറിയുമായി അണിക്കോട്ടെത്തിയത്.

കർഷകരുടെ ദുരിതമറിഞ്ഞ എം.പി. രമ്യ ഹരിദാസ് അണിക്കോട്ടെത്തി കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഉത്പാദിപ്പിക്കുന്ന പച്ചക്കറിവാങ്ങാൻ ആളില്ല. തോട്ടത്തിൽ മൂത്തും പഴുത്തും നശിക്കുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും കർഷകർ പറഞ്ഞു. കർഷകരുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരംകാണാൻ ശ്രമിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. സദാനന്ദൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.പി.സി.സി. അംഗം പാളയംപ്രദീപ് എന്നിവർ എം.പി.യോടൊപ്പം ഉണ്ടായിരുന്നു.