ഗൂഗിൾ പേ വഴി പണം അയച്ചതിനെ ചൊല്ലി മർദനം.

Monday, 26 Jun, 2023   HARITHA SONU

ചെർപ്പുളശേരി : ചെർപ്പുളശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചു. പേങ്ങാട്ടിരി സ്വദേശി അഷറഫിനാണ്‌ മർദനമേറ്റത്. ഗൂഗിൾ പേ വഴി പണം അയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനം. ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് അഞ്ചിന്‌ ചെർപ്പുളശേരി നഗരസഭയിലെ മഞ്ചക്കൽ ഭാരത് പെട്രോളിയം പമ്പിലാണ്‌ സംഭവം. പെട്രോൾ നിറച്ചശേഷം പൈസ ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം കഴിഞ്ഞ് മടങ്ങിയവർ കൂട്ടുകാരുമായെത്തി ജീവനക്കാരനുമായി വാക്കേറ്റമുണ്ടാക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. ജീവനക്കാരനെ മർദിക്കുന്നത് കണ്ട് സഹപ്രവർത്തകർ ഓടിയെത്തിയതോടെ ഇത് സംഘർഷമായി. സംഘർഷത്തിന് ശേഷം ഇരുവിഭാഗവും ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് കണ്ടാലറിയുന്ന എട്ട്‌ പേർക്കെതിരെ കേസെടുത്തതായി ചെർപ്പുളശേരി പൊലീസ് അറിയിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.