ശബരിമല തീർഥാടകർ ആശ്രയിക്കുന്ന സമാന്തരപാത വർഷങ്ങളായി തകർന്ന് തരിപ്പണമായ നിലയിൽ.

Thursday, 07 Sep, 2023   HARITHA SONU

പൂഞ്ഞാർ : നാട്ടുകാരുൾപ്പെടെ ശബരിമല തീർഥാടകർ ആശ്രയിക്കുന്ന സമാന്തരപാത വർഷങ്ങളായി തകർന്ന് തരിപ്പണമായ നിലയിൽ. ‘ഇപ്പം ശരിയാക്കും’ എന്നുള്ള അധികൃതരുടെ വാഗ്ദാനത്തിനും വർഷങ്ങളുടെ പഴക്കം. റോഡ് സഞ്ചാരയോഗ്യമാക്കാൻ പ്രതിഷേധസമരവുമായി ഇറങ്ങുകയാണ് നാട്ടുകാർ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മുണ്ടക്കയം - ശബരിമല പാതകളെ ബന്ധിപ്പിക്കുന്ന പേരൂർത്തോട് - ഇരുമ്പൂന്നിക്കര - തുമരംപാറ-35 ജങ്ഷൻ റോഡാണ് യാത്രക്കാർക്ക് നടന്നുപോകാൻപോലുമാകാതെ വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിലെ കുഴിയിൽ മാസങ്ങൾക്കുമുമ്പ് വാഴ നട്ട് നാട്ടുകാർ പ്രതിഷേധം അറിയിച്ചെങ്കിലും നാളിതുവരെ ഫലമുണ്ടായില്ല. തുമരംപാറ മുതൽ 35 ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളും നടന്നുപോകാനാകാത്ത നിലയിലാണ്.

രണ്ടുമാസം കഴിഞ്ഞാൽ ശബരിമല തീർഥാടനകാലം തുടങ്ങുകയായി. രണ്ട് പ്രധാന പാതകളെ ബന്ധിപ്പിച്ച് പേരൂർതോട് ജങ്ഷൻ മുതൽ 35-ജങ്ഷൻ വരെ അഞ്ച് കിലോമീറ്ററിലേറെ ദൂരമുള്ള സമാന്തരപാതയാണിത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കളും മേഖലകളിലെ കോൺഗ്രസ് കമ്മിറ്റികളും ചേർന്നുള്ള പ്രതിഷേധ മാർച്ച് ഞായറാഴ്ച നടക്കും. മൂന്നിന് 35 ജങ്ഷനിൽനിന്ന്‌ തുടങ്ങുന്ന മാർച്ച് ഇരുമ്പൂന്നിക്കരയിൽ സമാപിക്കും.