കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു.

Monday, 02 Nov, 2020   HARITHA SONU

ഒറവയ്ക്കൽ : പൂതിരിക്കൽ-ളാക്കാട്ടൂർ വഴി പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. രാവിലെ 7.50-ന് പൊൻകുന്നത്തുനിന്ന് പുറപ്പെടുന്ന ബസ് കൂരാലി, പന്തമാക്കൽ, ചെങ്ങളം, പള്ളിക്കത്തോട്, കൂരോപ്പട, ളാക്കാട്ടൂർ എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ, പൂതിരി, ഒറവയ്ക്കൽ വഴി കോട്ടയത്ത് എത്തും. വൈകീട്ട് 5.10-ന് തിരികെ കോട്ടയം ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടും. വൈകുന്നേരത്തെ സർവീസ് മുണ്ടക്കയം വരെയാണ്.

കോട്ടയത്തെ ഏറ്റവും പഴയ സർവീസുകളിലൊന്നായ കോട്ടയം-അയർക്കുന്നം- ളാക്കാട്ടൂർ സർവീസ് രണ്ടുവർഷം മുമ്പ് നിർത്തിയിരുന്നു. ഇതേത്തുടർന്ന് പൂതിരി വഴി സർവീസ് നടത്തണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിൽസൺ മാത്യൂസ്, മുൻ അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മത്തായി എന്നിവരുടെ ഇടപെടലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി. ഡയറക്ടർ സലിം പി.മാത്യു മുൻകൈയെടുത്താണ് പുതിയ ബസ് സർവീസ് അനുവദിച്ചത്. ബസ് സർവീസിന് വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി.