പാലാ നഗരത്തിലെ ടി. ബി റോഡ് ടാറിങ് പൊളിഞ്ഞ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു നടപടികളില്ല.

Friday, 08 Sep, 2023   HARITHA SONU

പാലാ : പാലാ നഗരത്തിലെ ടി. ബി റോഡ് ടാറിങ് പൊളിഞ്ഞ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. ടാറിങ് പൂർണമായും തകർന്ന് കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയിലാണ്. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലേക്കുള്ള റോഡാണിത്. സിവിൽ സ്റ്റേഷൻ, സ്‌കൂളുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. നൂറു കണക്കിന് വാഹനങ്ങളും നിരവധി കാൽനടക്കാരും ഉപയോഗിക്കുന്ന ടി. ബി റോഡിൽ ഇപ്പോൾ സഞ്ചാരം ദുസ്സഹമാണ്. റോഡിൽ ഗതാഗതക്കുരുക്കും മഴപെയ്താൽ വെള്ളക്കെട്ടും പതിവാണ്. റോഡിന്റെ ദുരവസ്ഥക്കെതിരേ നാട്ടുകാർ പലതവണ പ്രതിഷേധം അറിയിച്ചിട്ടും ടാറിങ് നടത്താൻ നടപടികളില്ല. പൊതുമരാമത്തിന്റെ കീഴിലുള്ള റോഡാണ്.

ആൽത്തറ ഗണപതിക്ഷേത്രം മുതൽ പ്രധാന റോഡ് വരെയുള്ള ഭാഗം സഞ്ചാരയോഗ്യമല്ലാത്തനിലയിലാണ്. വലിയഗർത്തങ്ങളിൽ ചാടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം വ്യാപാരികളുടെ നേതൃത്വത്തിൽ ഇവിടെ മണ്ണിട്ട് കുഴികൾ അടച്ചിരുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്രപോലും ദുസ്സഹമായ അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളിൽ കുഴികളിൽവീണ് മറിഞ്ഞ് നിരവധി പേർക്ക് അപകടങ്ങളുണ്ടായിട്ടുണ്ട്. കുഴികളിൽ വീഴുമ്പോൾ വാഹനങ്ങൾ നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങൾക്കിട്ടിടിക്കുന്നതും പതിവാണ്. 

ടി. ബി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പാലാ പൗരസമിതി ആവശ്യപ്പെട്ടു. ടി. ബി റോഡിന്റെ ലിങ്ക് റോഡുകളായ ന്യൂബസാർ റോഡിലും കട്ടക്കയം റോഡിലെ സ്റ്റേഡിയം ജങ്ഷനിലും വലിയ ഗർത്തങ്ങൾ ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. പി. പോത്തൻ, സേബി വെള്ളരിങ്ങാട്ട്, സോജൻ, സോണി ഇല്ലിമൂട്ടിൽ, ബേബി കീപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിവേദനം നൽകി.