സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനയം: ചെത്ത് തൊഴിലാളി യൂണിയൻ മാർച്ചും ധർണയും നടത്തി.

Saturday, 29 Jul, 2023   HARITHA SONU

പാലാ : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനയം ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന പരമ്പരാഗതവ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്നതാണെന്ന് എ.ഐ.ടി.യു.സി.ജില്ല സെക്രട്ടറി അഡ്വ. വി .കെ. സന്തോഷ്‌കുമാർ പറഞ്ഞു. മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പാലാ എക്‌സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പുതിയ മദ്യനയം സംസ്ഥാനത്തെ സ്റ്റാർ ഹോട്ടൽ, റിസോർട്ട് ഉടമകൾക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. ദാസപ്പൻ അധ്യക്ഷത വഹിച്ചു. മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബാബു കെ.ജോർജ്, പി.കെ. ഷാജകുമാർ, അഡ്വ. പയസ് രാമപുരം, അഡ്വ. പി.ആർ.തങ്കച്ചൻ, എൻ. സുരേന്ദ്രൻ, കെ.ബി. അജേഷ്, എ.ജി. ചന്ദ്രൻ, വി.എൽ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.