അധ്യാപക സംഘടനകൾ മാർച്ചും ധർണയും നടത്തി.

Friday, 04 Aug, 2023   HARITHA SONU

കോട്ടയം : കേന്ദ്ര സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ എംജി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ അധ്യാപകർ എകെപിസിടിഎ, എകെജിസിടി, എഫ്‌യുടിഎ എന്നീ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. എ യു അരുൺ അധ്യക്ഷനായി.

സെപ്റ്റംബർ 13ന് കോളേജ് സർവകലാശാല അധ്യാപക സം ഘടനകളുടെ അഖിലേന്ത്യാ  ഫെഡറേഷനായ ഐഫക്‌ടോ ആഹ്വാനം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായാണ്  ധർണ നടത്തിയത്. ദേശിയ വിദ്യാഭ്യാസ നയം പിൻവലിക്കുക, ഫെഡറലിസവും സർവ കലാശാലയുടെ സ്വയംഭരണവും സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽക്കരണവും വർഗീയതയും അവസാനിപ്പിക്കുക, ഏഴാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര വിഹിതവും അഡ്വാൻസ് ഇൻക്രെമെന്റും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയതടക്കമുള്ള ആവശ്യങ്ങളാണ് അധ്യാപകർ മുന്നോട്ട് വെച്ചത്. സമരത്തിൽ ഐഫക്‌ടോ ദക്ഷിണമേഖല സെക്രട്ടറി ഡോ. ജോജി അലക്‌സ്, എഫ്‌യുടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബേബി ചക്രപാണി, എകെജിസിടി സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ടി വർഗീസ്, എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി, എംജിയുടിഎ സെക്രട്ടറി ഡോ. എം കെ ബിജു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ എസ് അനിൽകുമാർ, എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ പി ശ്രീനി എന്നിവർ സംസാരിച്ചു.