ഓണം ആഘോഷിക്കാൻ കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയല്‍ക്കൂട്ടങ്ങളും വിലക്കയറ്റത്തില്‍ നെട്ടോട്ടം.

Thursday, 03 Aug, 2023   HARITHA SONU

കോട്ടയം: ഓണം ആഘോഷിക്കാൻ മുൻകൂര്‍ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയല്‍ക്കൂട്ടങ്ങളും വിലക്കയറ്റത്തില്‍ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങള്‍ക്കും കൂടിയതോടെ എങ്ങനെ കിറ്റ് നല്‍കുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം ആളുകളില്‍ നിന്ന് വാങ്ങി അടുത്ത ഓണക്കാലത്ത് കിറ്റ് നല്‍കുന്നതാണ് പദ്ധതി. കിറ്റിലുള്ള സാധനങ്ങളെക്കുറിച്ചും അളവും നേരത്തെ അറിയിക്കും. പല അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും വ്യാപാരികളുമൊക്കെ വര്‍ഷങ്ങളായി ഇത്തരത്തില്‍ കിറ്റ് നല്‍കാറുണ്ട്.

പലരില്‍ നിന്ന് നിശ്ചിത തുക ഈടാക്കുമ്ബോള്‍ ആകെ തുക ലക്ഷങ്ങള്‍ വരും. വര്‍ഷം മുഴുവൻ ചെലവഴിക്കാമെന്നതും ചെറിയ ലാഭവുമാണ് വ്യാപാരികളുടെ നേട്ടം. ഓണത്തിന് ഒരുമിച്ച്‌ പണം കണ്ടത്താതെ വിഭവ സമൃദ്ധമായ സദ്യയൊരുക്കാമെന്നതാണ് ഉപഭോക്താക്കള്‍ക്കുള്ള മെച്ചം. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചതോടെ ഇത്തവണ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

ഓണമടുത്തപ്പോഴെ വിപണി വില കൂടി. രണ്ടാഴ്ചക്കുള്ളില്‍ അരി വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുൻ ധാരണയുള്ളതിനാല്‍ വിഭവങ്ങളുടെ എണ്ണമോ, അളവോ കുറയ്ക്കാൻ സാധിക്കില്ല. കടമെടുക്കുക മാത്രമാണ് ഇവരുടെ മുന്നിലെ പോംവഴി. ചില സ്ഥലങ്ങളില്‍ ഓണവിഭവങ്ങള്‍ ഒരുക്കാനുള്ള പച്ചക്കറി കിറ്റും നല്‍കിയിരുന്നു. ഇത്തരക്കാര്‍ക്ക് ഇത്തവണ നഷ്ടം സഹിക്കാതെ കിറ്റ് നല്‍കാൻ സാധിക്കില്ല