പെട്രോൾ, ഡീസൽ വിലവർധനയിൽ വ്യത്യസ്ത പ്രതിഷേധസമരവുമായി യൂത്ത് കോൺഗ്രസ്.

Thursday, 10 Jun, 2021   HARITHA SONU

കോട്ടയം : പെട്രോൾ, ഡീസൽ വിലവർധനയിൽ വ്യത്യസ്ത പ്രതിഷേധസമരവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 71 കേന്ദ്രങ്ങളിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ജില്ലയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്കു മുന്നിലായിരുന്നു സമരം നടത്തിയത്. പെട്രോൾ പമ്പുകളിൽനിന്ന്‌ ഇന്ധനം നിറച്ചശേഷം പുറത്തേക്കിറങ്ങുന്ന ആളുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി തുകയായ 57 രൂപയാണ് യൂത്ത് കോൺഗ്രസ് ആളുകൾക്ക് തിരികെ നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി എന്തുകൊണ്ടാണ് തുക തിരികെ നൽകുന്നതെന്നും പ്രതിഷേധത്തിന്റെ ആവശ്യവും പമ്പിൽനിന്ന്‌ ഇന്ധനം നിറച്ചശേഷം പുറത്തിറങ്ങുന്ന ആളുകളെ അറിയിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധപരിപാടികൾക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളും ജില്ലാ ഭാരവാഹികളും നേതൃത്വം നൽകിയതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു.