മീനച്ചിലാറിന്റെ തീരത്ത് ജെ.സി.ബി. ഇറക്കി ആറ്റുവഞ്ചികൾ വ്യാപകമായി മുറിച്ചുനീക്കുന്നു.

Saturday, 05 Jun, 2021   HARITHA SONU

കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് ജെ.സി.ബി. ഇറക്കി ആറ്റുവഞ്ചികൾ വ്യാപകമായി മുറിച്ചുനീക്കുന്നു. തിരുവാറ്റ ഭാഗത്താണ് മേജർ ഇറിഗേഷൻ വകുപ്പ് മരങ്ങൾ മുറിച്ചുനീക്കുന്നത്. ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള ഭാഗത്താണ് പണികൾ നടക്കുന്നത്. മരങ്ങൾ വെട്ടിനീക്കുന്നതിൽ പ്രതിഷേധവുമായി കോട്ടയം നേച്ചർ സൊസൈറ്റി രംഗത്തെത്തി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് നിർമാണപ്രവർത്തനങ്ങളെന്ന് നേച്ചർ സൊസൈറ്റി ആരോപിക്കുന്നു. ശാസ്ത്രീയപഠനം നടത്താതെയുള്ള ഇത്തരം നടപടികൾ പുഴയെ നശിപ്പിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് മീനച്ചിലാറിന്റെ തീരത്ത് വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി ആഴം കൂട്ടുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനുമാണ് പണികൾ നടത്തുന്നതെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നു.