ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം.

Thursday, 24 Jun, 2021   PM JAFFAR

ഈരാറ്റുപേട്ട : തീക്കോയി പഞ്ചായത്തിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം. മണ്ണിടിച്ചിലിൽ ഒൻപത് വീടുകൾക്ക് നാശനഷ്ടമുണ്ടായി. മഴവെള്ളപ്പാച്ചിലിൽ നിരവധി കൃഷികൾക്കും നാശം സംഭവിച്ചു. ചാമപ്പാറ, മേസ്തിരിപടി ഭാഗത്ത് പത്തോളം വീടുകളിൽ വെള്ളം കയറി. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവർ പിന്നീട് ബന്ധുവീടുകളിലേക്ക്‌ മാറി.

ബുധനാഴ്ച വൈകീട്ട് മുതലുണ്ടായ കനത്ത പേമാരിയാണ് മണ്ണിടിച്ചിലിനും അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിനും കാരണമായത്. ഇഞ്ചപ്പാറ, ഒറ്റയടി, താഴത്തു കട്ടുപ്പാറ, കാരികാട് പതിനേഴെക്കർ, എട്ടാം മൈൽ, വഴിക്കടവ് പ്രദേശങ്ങളിലാണ് കൂടുതൽ നാശം. തീക്കോയി പഞ്ചായത്തംഗം മോഹനൻ കുട്ടപ്പന്റെയും അജേഷ് വലിയപുരകുന്നേലിന്റെയും മുറ്റമിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കാര്യകാട് പുഷ്പാകരൻ ചോക്കാട്ട്, കുട്ടിച്ചൻ തുണ്ടത്തിൽ, വിജയൻ കാവുംപുറത്ത്, അപ്പച്ചൻ മുരിശേരിക്കൽ, വെള്ളികുളം ആന്റണി തുണ്ടത്തിൽ, ഒറ്റയീട്ടി സാജൻ ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവരുടെ വീടുകളും മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലായി. വീടിന്റെ പിൻഭാഗത്തെ കെട്ടിടിഞ്ഞ് പുത്തൻപറമ്പിൽ ബാബുവിന്റെ ജലസംഭരണിയും അപകടാവസ്ഥയിലാണ്. കാര്യകാട് ചാക്കോ താന്നിക്കൽ, അന്നമ്മ പനച്ചിനാനിയിൽ എന്നിവരുടെ കൃഷിക്കും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, തീക്കോയി, തലനാട് റവന്യു, പഞ്ചായത്ത് അധികൃതർ എന്നിവർ നാശം വിതച്ച സ്ഥലങ്ങൾ സന്ദർശനം നടത്തി.