നിയമഭേദഗതി നടത്തിയേ പട്ടയം നൽകാൻ സാധിക്കുകയുള്ളൂവെന്ന് പട്ടയ അസംബ്ലി.

Thursday, 27 Jul, 2023   HARITHA SONU

ചങ്ങനാശ്ശേരി : പട്ടയവിഷയം സർക്കാർ തലത്തിൽ നിയമഭേദഗതി നടത്തിയേ പട്ടയം നൽകാൻ സാധിക്കുകയുള്ളൂവെന്ന് പട്ടയ അസംബ്ലി. പട്ടികജാതി വികസന വകുപ്പ് സ്ഥലമേറ്റെടുത്ത് നൽകിയ ചെമ്പുംപുറം പ്രദേശത്ത് പട്ടയം നൽകുന്നതിന് വകുപ്പിന്റെ എൻ.ഒ.സി. ലഭിച്ചതിനാൽ ഈ പ്രദേശത്തും പട്ടയവിതരണത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. റോഡ്, തോട്, കുളം പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്ന വിഷയം സർക്കാർ തലത്തിൽ പരിഹരിച്ചു ലഭിക്കേണ്ടതുണ്ട്. ഇനിയും പട്ടയം ലഭിക്കാനുള്ള അപേക്ഷകരുടെ വിവരങ്ങൾ വില്ലേജ്തല ജനകീയ സമിതികളിൽ ചർച്ചചെയ്തും വില്ലേജ് ഓഫീസർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംയുക്ത പരിശോധന നടത്തിയും ശുപാർശയ്ക്ക് സമർപ്പിക്കണം. തടസ്സമുള്ളവ ജില്ലാ കളക്ടർ മുഖേന സർക്കാരിലേക്ക് സമർപ്പിക്കും. പട്ടയ അസംബ്ലിയിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷനായി. ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു സുജിത്ത്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു തുടങ്ങിയവർ പങ്കെടുത്തു.