ആധുനിക വാതകശ്മശാനം പ്രവർത്തന സജ്ജമായി.

Wednesday, 02 Jun, 2021   PM JAFFAR

ഇരിട്ടി : തില്ലങ്കേരി ഗ്രാമപ്പഞ്ചായത്തിൽ ആധുനിക വാതകശ്മശാനം പ്രവർത്തന സജ്ജമായി. ജില്ലാപഞ്ചായത്തിന്റെയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും തില്ലങ്കേരി ഗ്രാമപ്പഞ്ചായത്തിന്റെയും ഫണ്ടുപയോഗിച്ച് ഒന്നര കോടി രൂപ ചെലവിൽ വിവിധ ഘട്ടങ്ങളിലായാണ് ശ്മശാനം നിർമിച്ചത്. ആദ്യഘട്ടത്തിൽ 30 ലക്ഷം രൂപ ചെലവിട്ട് കെട്ടിടവും ചുറ്റുമതിലുമാണ് നിർമിച്ചത്. വർഷങ്ങൾക്ക് മുൻപ് ഒരേക്കർ സ്ഥലം പഞ്ചായത്ത് ശ്മശാനം നിർമിക്കാനായി വാങ്ങിയിരുന്നെങ്കിലും വഴിയുമായി ബന്ധപ്പെട്ട പ്രശ്നം മുലം തടസ്സപ്പെടുകയായിരുന്നു.

തില്ലങ്കേരി-പെരിങ്ങാനം റോഡിൽ കാവുംപടി സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായാണ് ശ്മശാനം. 3500 രൂപയാണ് മൃതദേഹം സംസ്കരിക്കുന്നതിനായി ഈടാക്കുക. പഞ്ചായത്തു പരിധിയിലെ പട്ടികജാതി കുടുംബങ്ങളിലുള്ളവർക്ക് സേവനം സൗജ്യമായിരിക്കും. ദിവസവും രാവിലെ ഒൻപത് മുതൽ അഞ്ചുവരെയാണ് പ്രവർത്തനസമയം. ശ്മശാനം ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചയാത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ്‌ അണിയേരി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.