ഗ്രാമീണമേഖലയിൽ സ്ത്രീ പുരുഷ ടീമുകളെ അണി നിരത്തി നടത്തിയ വടംവലി മത്സരം നാടിന് ആവേശമായി.

Sunday, 24 Sep, 2023   HARITHA SONU

വെങ്ങര : ഗ്രാമീണമേഖലയിൽ സ്ത്രീ പുരുഷ ടീമുകളെ അണി നിരത്തി നടത്തിയ വടംവലി മത്സരം നാടിന് ആവേശമായി. പെരുങ്കളിയാട്ടം നടക്കുന്ന വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തെ വയലിലായിരുന്നു മത്സരം. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 22 പുരുഷ ടീമുകളും 10 വനിതാ ടീമുകളുമാണ് മത്സരത്തിനായെത്തിയത്. ആദ്യം വനിതകളുടെ മത്സരമായിരുന്നു. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തിനു ചുറ്റും മുള കെട്ടി കാണികൾക്ക് ചുറ്റും നിന്ന് കാണാൻ സംഘാടകർ സൗകര്യമൊരുക്കിയിരുന്നു.

ചാറ്റൽമഴ ഇടയ്ക്കൊന്ന് പെയ്തെങ്കിലും വലിയ ആവേശത്തിലായിരുന്നു കാണികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കക്കോപ്രവൻ മോഹനൻ, എം. പി ഉണ്ണികൃഷ്ണൻ, വി. കെ. വി മനോജ്, ടി. വി കുഞ്ഞിരാമൻ, ടി. വി സാനു സുഭഗൻ, വാർഡ് അംഗം പി. ജനാർദനൻ എന്നിവർ സംസാരിച്ചു.