ദേശീയപാതയോരം സംരക്ഷണഭിത്തി തകർന്നത് മണ്ണിട്ടുനികത്തി.

Wednesday, 28 Jun, 2023   HARITHA SONU

തളിപ്പറമ്പ് : കുപ്പം പാലത്തിന് സമീപം അപകടകരമായനിലയിൽ ദേശീയപാതയോരം സംരക്ഷണഭിത്തി തകർന്നത് മണ്ണിട്ടുനികത്തി. ഒരു പരിശോധനയുമില്ലാതെയാണ് മണ്ണിട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു പാതയോരം ഭിത്തി തകർന്നത്. പാലത്തിനടുത്ത് റോഡരിക് പുഴഭാഗത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴയിലായിരുന്നു സംഭവം. അപകടസാധ്യതയുണ്ടായതിനാൽ നാട്ടുകാർ മുൻകൈയെടുത്ത് വാഹനങ്ങളെ നിയന്ത്രിച്ചു. മണിക്കൂറിലേറെ സമയം രാത്രി ഇതുവഴി ഗതാഗതപ്രശ്നവുമുണ്ടായി.

റോഡരിക് തകർന്നുവീണത് പരിശോധിക്കാൻ രാത്രി ദേശീയപാതാ ഉദ്യോഗസ്ഥരാരുമെത്തിയില്ല. പകരം ഫോണിൽ നിർദേശം നൽകുകയായിരുന്നു. തുടർന്ന് ദേശീയപാതാ ബൈപ്പാസ് നിർമാണ തൊഴിലാളികൾ മണിക്കൂറുകൾക്കുള്ളിൽ നികത്തൽ പണി തുടങ്ങി. ജെ.സി.ബി. ഉപയോഗിച്ച് തകർന്ന ഭാഗത്ത് മണ്ണ്‌കോരി നിറച്ച് ബലപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ഇത് ശാശ്വതമല്ലെന്ന് നാട്ടുകാർ പറയുന്നു.