മഴ ശക്തമായതോടെ മയ്യഴിപ്പുഴയിൽ നീരൊഴുക്ക് കൂടി ജലനിരപ്പുയർന്നു.

Monday, 24 Jul, 2023   HARITHA SONU

പെരിങ്ങത്തൂർ : മഴ ശക്തമായതോടെ മയ്യഴിപ്പുഴയിൽ നീരൊഴുക്ക് കൂടി ജലനിരപ്പുയർന്നു. ചില സ്ഥലങ്ങളിൽ പുഴ കരകവിഞ്ഞതിനാൽ ചെറിയ തോടുകൾവഴി ഉൾപ്രദേശങ്ങളിലേക്ക് വെള്ളം കയറി. കടവത്തൂർ എലിത്തോട്, പുല്ലൂക്കര വണ്ണാത്തിത്തോട് എന്നിവയിൽ ശക്തമായ നീരൊഴുക്കുണ്ട്. എലിത്തോട് കരകവിയുമ്പോൾ കടവത്തൂർ ടൗണിൽ വെള്ളം കയറുന്നത് പതിവാണ്. കനത്ത മഴയിൽ ടൗണിലെ വ്യാപാരികൾക്ക് കടകൾ തുറക്കാൻ കഴിയാറില്ല. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്കുള്ളിലും വെള്ളം കയറി. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഭാഗത്ത്‌ മഴ ശക്തമായതോടെയാണ് മയ്യഴിപ്പുഴയിൽ നീരൊഴുക്ക് വർധിച്ചത്. പുഴയുടെ ഉദ്‌ഭവസ്ഥാനമായ വിലങ്ങാട് മലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ പാനൂർ നഗരസഭയിലെ പുല്ലൂക്കര, പെരിങ്ങത്തൂർ, പുളിയനമ്പ്രം, കിടഞ്ഞി, കരിയാട്, കാഞ്ഞിരക്കടവ്, മുക്കാളിക്കര ഭാഗങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്കുള്ളിൽ ആളുകൾ കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.