ആറളംഫാമിലും സമീപത്തെ ജനവാസമേഖലയിലും തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടിക്ക് തിങ്കളാഴ്ച തുടക്കമാകും.

Sunday, 27 Jun, 2021  ANOOB NOCHIMA

ഇരിട്ടി : ആറളംഫാമിലും സമീപത്തെ ജനവാസമേഖലയിലും തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടിക്ക് തിങ്കളാഴ്ച പാലപ്പുഴയിൽ തുടക്കമാകും. വനംവകുപ്പ് ആറളം, കൊട്ടിയൂർ റെയിഞ്ചുകൾ സംയുക്തമായി ആറളം ഫാം മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് ആനതുരത്തലിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അപകടസാധ്യത ഒഴിവാക്കുന്നതിനായി വനംവകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അനുമതി തേടി.ഫാമിലെ കൃഷിയിടത്തിൽ താവളമാക്കിയ ആനക്കൂട്ടം കഴിഞ്ഞ രാത്രിയും മേഖലയിൽ കനത്ത നാശം വരുത്തി. കീഴ്‌പള്ളി-പാലപ്പുഴ റോഡിന് കുറുകെ തെങ്ങ് മറിച്ചിട്ടു. ഫാമിന്റെ ഒന്ന്, രണ്ട് ബ്ലോക്കുകളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറിലധികം തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. കൂടാതെ,‚ കൊക്കോ, കമുങ്ങ്, കശുമാവ് എന്നിവയും നശിപ്പിച്ചു.

മണിക്കൂറുകളോളമാണ് ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചത്. ഇതോടെ ഇതുവഴി ഗതാഗതവും സ്തംഭിച്ചു. പതിവായി റോഡരികിൽ ആനക്കൂട്ടം നിലയുറപ്പിക്കുന്നതിനാൽ രാത്രി ഇതുവഴി യാത്രക്കാർ ആരും പോകാറില്ല. പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്ക് അത്യാവശ്യമായി രാത്രി ആസ്പത്രികളിലും മറ്റും പോകേണ്ടിവരുമ്പോൾ പ്രധാനമായും ആശ്രയിക്കേണ്ട റോഡാണിത്. എന്നാൽ, ഇതിലൂടെ രാത്രിയാത്ര വൻ അപകടഭീഷണിയിലാണ്. ഫാമിൽ 20-ഓളം ആനകളുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഫാമിൽ നിന്നാണ് ആനക്കൂട്ടം പാലപ്പുഴ, പെരുമ്പുന്ന, വട്ടപ്പറമ്പ്, കീഴ്‌പള്ളി, ചതിരൂർ ഭാഗങ്ങളിൽ ജനവാസമേഖലയിൽ നാശംവരുത്തുന്നത്. രണ്ടുമാസത്തിനിടയിൽ നിരവധി കർഷകരുടെ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. പുഴ കടന്നും മറ്റുമാണ് ഫാമിൽനിന്ന്‌ ആനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. ഫാമിൽ ചക്കയും കശുമാങ്ങയും യഥേഷ്ടം ലഭിക്കുന്നതുകൊണ്ടാണ് ഇവ ഫാം വിട്ടുപോകാത്തത്. ചക്കയുടേയും കശുമാങ്ങയുടേയും ലഭ്യത കുറഞ്ഞതോടെയാണ് ജനവാസമേഖലയിലേക്ക് കടക്കാൻ തുടങ്ങിയത്.