മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ ശക്തമായ നടപടികളുമായി സർക്കാരും ജില്ലാ അധികൃതരും. പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാനും അമിതവില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും താലൂക്കുതലങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. പുറമേ, ജില്ലാ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളാകുന്നു. പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് പരിശോധന. ജില്ലാ സപ്ലൈ ഓഫീസർ എൽ മിനിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച വിവിധയിടങ്ങളിൽ പരിശോധന നടത്തി.
അങ്ങാടിപ്പുറത്ത് പഴം–പച്ചക്കറി വിൽപ്പനശാലകൾ, മത്സ്യ–-മാംസ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒമ്പത് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അമിത ലാഭമെടുത്ത് വിൽപ്പന നടത്തിയതായി കണ്ടെത്തിയ പച്ചക്കറി കടകളുടെ ഉടമകൾക്ക് നോട്ടീസ് നൽകി. പച്ചക്കറികൾ ഇരട്ടിവിലയ്‌ക്ക് വിൽക്കുന്നതായി കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും. ഉൽപ്പന്നങ്ങളുടെ പേരുവിവരം രേഖപ്പെടുത്താത്ത പാക്കറ്റുകളിൽ വിൽപ്പന നടത്തിയതിനും കൃത്യമായി അളവുതൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ നടത്താതിരുന്നതിനും രേഖകൾ പ്രദർശിപ്പിക്കാതിരുന്നതിനും 3000 രൂപ പിഴ ഈടാക്കി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുറഹ്‍മാൻ, റേഷനിങ് ഇൻസ്പെക്ടർ ടി എ രജീഷ്‌കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ എസ് രഞ്ജിത്ത്, അസിസ്റ്റന്റ് ബി മണികണ്ഠൻ, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി അശ്വതി എന്നിവർ പങ്കെടുത്തു.
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023
September 8, 2023