മഞ്ചേരി : എളങ്കൂർ - വണ്ടൂർ റോഡിൽ എളങ്കൂർ മിൽമ ബൂത്തിനു സമീപം മഴ പെയ്താൽ വെള്ളക്കെട്ട് പതിവാകുന്നു. റോഡിന് ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുചാൽ ഇല്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. ഇത് വാഹനാപകടങ്ങൾക്കും റോഡ് തകർച്ചയ്ക്കും ഇടയാക്കുന്നു. റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തെത്തിയാൽ വാഹനങ്ങൾ ഒരുവശം ചേർന്നാണ് കടന്നുപോകുന്നത്. ഇവിടെനിന്ന് അൽപ്പം മാറിയാൽ വളവും ട്രാൻസ്‌ഫോർമറുമുണ്ട്. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു. ചെളിക്കുളത്തിൽ അകപ്പെട്ട് ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. ഏറെനേരം വെള്ളം കെട്ടിനിന്ന് റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്. റോഡ് ഉയർത്തി ടാറിങ് നടത്തി ഇരുവശങ്ങളിലും അഴുക്കുചാൽ നിർമിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023