ഗതാഗതക്കുരുക്കൊഴിവാക്കാൻ നിർമിക്കാനുദ്ദേശിക്കുന്ന മേൽപ്പാലത്തിന്റെ സാധ്യതാപഠനം തുടങ്ങി.

Friday, 08 Sep, 2023   HARITHA SONU

വേങ്ങര : പരപ്പനങ്ങാടി നാടുകാണി പാതയിലെ തിരക്കേറിയ അങ്ങാടിയായ വേങ്ങരയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ നിർമിക്കാനുദ്ദേശിക്കുന്ന മേൽപ്പാലത്തിന്റെ സാധ്യതാപഠനം തുടങ്ങി. മേൽപ്പാലം നിർമിക്കുന്ന ഭാഗത്തെ മണ്ണുപരിശോധനയാണ് തുടങ്ങിയത്. വേങ്ങര മേലേ അങ്ങാടിയിലെ എട്ടാംകല്ല് മുതൽ അമ്മാഞ്ചേരിക്കാവ് വരെയുള്ള ഭാഗത്തെ മണ്ണാണ് പരിശോധിക്കുന്നത്. കുരുക്കൊഴിവാക്കാൻ ആദ്യം ബൈപ്പാസായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ സാധ്യതാപഠനത്തിനായി 20 ലക്ഷത്തിന്റെ ഭരണാനുമതി ലഭിക്കുകയും റോഡ് നിർമാണത്തിന്റെ രൂപകല്പന തയ്യാറാക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിൽ ചില ഭാഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് വന്നതോടെ പദ്ധതി തത്കാലം നിർത്തിവെക്കുകയായിരുന്നു. പിന്നീടാണ് മേൽപ്പാലം എന്ന ആശയം വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ യുടെ ശുപാർശപ്രകാരം 2022-23-ലെ ബജറ്റിൽ വേങ്ങര മേൽപ്പാലം ഉൾപ്പെടുത്തി സാധ്യതാപഠനത്തിനായി 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. പഠനം പൂർത്തിയായാൽ അടങ്കൽ തയ്യാറാക്കി മേൽപ്പാല നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് എം. എൽ. എ അറിയിച്ചു.