സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി: സിഎന്‍ജി സ്റ്റേഷനുകള്‍ പെരുമ്പാവൂർ മേഖലയിൽ സ്ഥാപിക്കും : എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

Saturday, 07 Aug, 2021   HARITHA SONU

പെരുമ്പാവൂർ : സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ പ്രദേശങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുവാനാണ് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ ചോദ്യത്തിന് മറുപടിയായി ആണ് ഇക്കാര്യം അറിയച്ചത്.

കൊച്ചി - കൂറ്റനാട് - ബാംഗ്ലൂര്‍ -മംഗ്ലൂര്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. പെരുമ്പാവൂർ വരെ സിഎൻജി പൈപ്പ് ലൈൻ നീട്ടുന്നതോടെ വ്യാവസായിക കുതിപ്പിന് ഉത്തേജനം നല്‍കാനാകും. പെരുമ്പാവൂർ മേഖലയിൽ നാലായിരത്തോളം പ്ലൈവുഡ് മാനുഫാക്ചറിങ് കമ്പനികളും നൂറിലധികം റൈസ് മില്ലുകളും, ഒട്ടനവധി വ്യവസായിക യൂണിറ്റുകളുമുള്ളതിനാൽ സിഎൻജി സ്റ്റേഷൻറെ കടന്നുവരവ് മുതൽക്കൂട്ടാകും. ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.


പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത കമ്പനിക്ക് പ്രകൃതിവാതകം നല്‍കുവാനായി എല്ലാ ജില്ലകളിലും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ ആലുവയിൽ സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരുമ്പാവൂർവരെ സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാണ് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം തന്നെ ഈ പദ്ധതി ആരംഭിക്കാൻ ആകുമെന്നും, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായും പെരുമ്പാവൂർ മേഖലയിലെ സിഎൻജി യുടെ കടന്നു വരവോടുകൂടി വ്യവസായങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണർവേകുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.