റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എം.എൽ.എ.യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

Thursday, 26 Aug, 2021   HARITHA SONU

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ആർ.ടി.ഒ ഓഫീസാണ് പെരുമ്പാവൂർ പട്ടാലിൽ രണ്ടായിരം ചരുതശ്ര അടിയിൽ താഴെ മാത്രം വിസ്തീർണം വരുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ ഓഫീസ്.

വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് സാധാരണക്കാർ സന്ദർശിക്കുന്ന ഈ ഓഫീസ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവശോചനീയം ആണ്. ഓഫീസിലെ സന്ദർശകരും ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും പലഘട്ടങ്ങളിൽ ഇത് മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. വാഹനങ്ങളുടെയും ഉപഭോക്താക്കളുടെയും എണ്ണം വർധിച്ചു വരുന്ന അവസ്ഥയിൽ ജില്ലയിൽ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ ആർ.ടി.ഒ ഓഫീസ് ആയ പെരുമ്പാവൂരിൽ വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആർ.ടി.ഒ ഓഫീസിന് സ്ഥലസൗകര്യം പരിമിതമാണ്. സ്വന്തമായി ഓഫീസ് മന്ദിരം, ഡ്രൈവിംഗ് ടെസ്റ്റ് യാഡ്, വാഹനങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള യാഡ് തുടങ്ങിയ സൗകര്യങ്ങൾ ഉടനടി യാഥാർത്ഥ്യമാക്കുന്നതിന് നിയമസഭയിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഇത് സംബന്ധിച്ച് കത്ത് നൽകുകയും ചെയ്തിരുന്നു. കൂടാതെ സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുക എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചു 

ജലവിഭവ വകുപ്പിന് കീഴിലുള്ള പെരിയാർ വാലി കനാൽ പ്രൊജക്ടുമായി ബന്ധപ്പെട്ട് തരിശ്നിലമായി കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലത്ത് നിന്നും ആവശ്യമായ ഒരേക്കർ പത്ത് സെന്റ് സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2019 മുതൽ അതാത് വകുപ്പുകളുമായി പെരുമ്പാവൂർ എം എൽ എ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സിക്യൂട്ടിവ് എഞ്ചിനീയറോട് നിർദേശിച്ച സാഹചര്യത്തിലും നാളെ എൽദോസ് കുന്നപ്പിള്ളിയുടെ ഓഫീസിൽ വെച്ച് എറണാകുളം മേജർ എക്‌സിക്കൂട്ടിവ് എഞ്ചിനീയർ സന്ധ്യ പെരുമ്പാവൂർ ആർ ടി ഒ പ്രകാശ്, പെരിയാർ വാലി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ബൈജു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി തുടർനടപടികൾക്കുള്ള ചർച്ചകൾ നടത്തുന്നതാണ്.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ കെട്ടിടം നിലവിൽ വന്നാൽ തിരക്കേറിയ ഈ ആർ.ടി.ഒ ഓഫീസിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുവാൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.