കുറുപ്പുംപടി കൂട്ടിക്കൽ റോഡ് ഉദ്ഘാടനം നാളെ

Thursday, 06 Jul, 2023   P M JAFFAR

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം നാളെ നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണിക്ക് കുറുപ്പുംപടി എംജിഎം സ്കൂളിന് സമീപം നടക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.

രായമംഗലം, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുപ്പുംപടി - കൂട്ടിക്കൽ റോഡ് കുറുപ്പുംപടി എം. ജി എം സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ചു കുറ്റികുഴിയിലാണ് അവസാനിക്കുന്നത്.

5.14 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിരുന്നത്. 3.1 കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിലുമാണ് റോഡിൻ്റെ പുനുദ്ധാരണ ജോലികൾ പൂർത്തികരിച്ചത്. വെള്ളക്കെട്ട് രൂക്ഷമായ 2 കിലോമീറ്റർ ദൂരത്തിൽ കാനകൾ നിർമ്മിച്ചു. കൂടാതെ 7 കലുങ്കുകളും പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കി. രാത്രി യാത്രികർക്ക് സഹായകരമായ രീതിയിൽ റിഫ്‌ളക്റുകളും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇതിൽ പാറ മുതൽ നെടുങ്ങപ്ര വരെയുള്ള 3 കിലോമീറ്റർ ദൂരം നേരത്തെ ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചിരുന്നു. 2 കോടി രൂപയാണ് ഈ പദ്ധതിക്കായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അനുവദിച്ചത്. 

ഇതോടൊപ്പം കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 92.7 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഹിൽ ഹൈവേയുടെ ഭാഗമായി ടാറിംഗ് നടത്താത്ത ഈ ഭാഗത്തെ പ്രവൃത്തിക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ പ്രവൃത്തി പുരോഗമിക്കുകയാണ്.

ടാറിംഗും കോൺക്രീറ്റ് ടൈൽ വിരിക്കുന്നതുമാണ് ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തികരിച്ചു കാര്യക്ഷമമായി പരിപാലിക്കുന്നതിന് റണ്ണിങ് കോൺടാക്ട് വ്യവസ്ഥയിലാണ് വർക്ക് ടെൻഡർ ചെയ്തിരിക്കുന്നത്. നിശ്ചിത റോഡുകളുടെ പരിപാലനം നിശ്ചിത കരാറുകാരെ ഏൽപ്പിക്കുന്ന സംവിധാനമാണ് റണ്ണിങ് കോൺടാക്ട് എന്നറിയപ്പെടുന്നത്. റോഡ് പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ റോഡിൻ്റെ പരിപാലനം ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമായിരിക്കും. കൂടുതൽ ഗുണനിലവാരമുള്ള റോഡുകൾ നിർമ്മിക്കുന്നതിന് ഈ വ്യവസ്ഥ ഫലപ്രദമാണെന്ന് എംഎൽഎ പറഞ്ഞു.

ഈ മൂന്ന് പദ്ധതികളിലായി 8.67 കോടി രൂപയാണ് കുറുപ്പംപടി കൂട്ടിക്കൽ റോഡിൻ്റെ നവീകരണത്തിന് അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു.