പെരുമ്പാവൂർ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരം ഉണ്ടാകുന്നതിനായി പ്രാരംഭ നടപടികൾ ആരംഭിച്ചു.

Friday, 03 Sep, 2021   HARITHA SONU

പെരുമ്പാവൂർ : നഗരത്തിലെ  റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരം ഉണ്ടാകുന്നതിനായി പ്രാരംഭ നടപടികൾ ആരംഭിച്ചു. പെരുമ്പാവൂർ നഗരത്തിലെ ഗതാഗത കുരുക്ക്, അപകടങ്ങൾ, കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് 16-7-2021 ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന ഔഷധി ജംഗ്ഷനിലെയും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കയ്യേറ്റങ്ങൾ പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥല ഗതാഗത കുരുക്കും അപകടവും ഒഴിവാക്കുന്നതിനായി ലാന്റ് അക്വിസിഷൻ ഉൾപ്പെടെയുളള നടപടി സ്വീകരിക്കുന്നതിനും അടിയന്തിരമായി ഡി.പി.ആർ എസ്റ്റിമേറ്റ് പ്രൊപ്പോസലും സമർപ്പിക്കുന്നതിന് പിഡബ്ല്യുഡി (Roads) നൽകിയതിന്റെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളി എം എൽ യും, പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനും ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും, ചീഫ് എഞ്ചിനീയർക്കും സമർപ്പിച്ചിട്ടുള്ളതാണ്.

വിഷയത്തിൽ നടത്തിയ ഇടപെടലുകളുടെ അടിയന്തിരമായി വിഷയം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളതാണ്. നഗരത്തിലെ ഓടകൾക്ക് സ്ലാബ് സ്ഥാപിക്കുന്നതിന് 1.50 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളതിന് അടിയന്തിരമായി സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണ്. പി.ഡബിളിയു.ഡി യുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആയത് ഉടൻ നടപ്പാക്കുമെന്നും ഡിപ്പാർട്ട്മെന്റിൽ നിന്നും അറിയിച്ചിട്ടുണ്ട്. 

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗത്തിന്റെ തീരുമാനപ്രകാരം എടുത്തിട്ടുളള നടപടികളെ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി നഗരസഭ ചെയർമാൻ ചേംബറിൽ കൂടിയ പിഡബ്ല്യുഡി, പോലീസ്, ബിഎസ് എൻ.എൽ, കെ.എസ്.ഇ.ബി, എന്നീ ഡിപ്പാർട്ട്മെന്റുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുള്ളതാണ്. നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടിയന്തിരമായി ടാർ ചെയ്യുന്ന നടപടികൾ മഴ മറിയാൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അറിയിച്ചിട്ടുള്ളതാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിശാബോർഡുകൾ വിവിധ ഭാഷകളിൽ സ്ഥാപിക്കുന്നതിന് ഉടൻ നടപടി കൈകൊളളുമെന്ന് പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. എം.എൽ.എയുടെയും, നഗരസഭയുടെയും ഇടപെടലുകളെ തുടർന്ന് പാലക്കാട്ട് താഴം പാലത്തിലെ അറ്റകുറ്റപ്പണികൾ നടന്നുവരുന്നു. കൂടാതെ ഔഷധി ജംഗ്ഷൻ, ഗാന്ധി സ്ക്വയർ എന്നീ സ്ഥലങ്ങളിൽ റെഡിമിക്സ് ഉപയോഗിച്ച് കുഴികൾ അടിയന്തരമായി അടക്കുകയും, മഴ മാറുന്ന മുറയ്ക്ക് പൂർണ്ണമായ അറ്റകുറ്റപ്പണികൾ നടത്തുമെന്നും പിഡബ്ല്യുഡി അറിയിച്ചു. 

പെരുമ്പാവൂർ വില്ലേജ് ഔഷധി ജംഗ്ഷനിൽ പുറമ്പോക്ക് കയ്യേറ്റമുണ്ടോ എന്ന്
അറിയുന്നതിനായി പിഡബ്ല്യുഡി അധികൃതരുടെയും, മുനിസിപ്പൽ ഉദ്യോഗസ്ഥരുടെയും
സാന്നിദ്ധ്യത്തിൽ സ്ഥലപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് തഹസിൽദാർ 1/9/2021-ൽ
നഗരസഭയിൽ സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ റോഡിന്റെ ഭാഗങ്ങളിൽ പുറമ്പോക്ക്
കൈയ്യേറ്റം ഒന്നും തന്നെയില്ല എന്ന് പരാമർശിച്ചിട്ടുള്ളതാണ്. പിഡബ്ല്യുഡി റോഡുമായി
ബന്ധപ്പെട്ട് നിയമാനുസൃതമായിട്ട് ആണോ കെട്ടിടങ്ങൾ നിലവിൽ സ്ഥിതി ചെയ്യുന്നത്.
എന്നറിയാൻ പിഡബ്ല്യുഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ നഗരം എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ അനധികൃതമായി നിർമിച്ചിട്ടുള്ള നിർമ്മാണങ്ങൾ ഒഴിവാക്കുന്നതാണ്. കൂടാതെ ഈ പ്രദേശത്തെ വെളിച്ചക്കുറവു പരിഹരിക്കുന്നതിനുവേണ്ടി ഹൈമാസ് ലൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടി തീരുമാനമെടുത്തു.

നഗരസഭ പാസാക്കിയ പ്രമേയത്തിന്റെ  അടിസ്ഥാനത്തിൽ കാലടി ജംഗ്ഷനിലെ പോലെ സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രിക്കുന്നതിനും, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ട്രാഫിക് സിഗ്നൽ സംവിധാനം പുനസ്ഥാപിക്കുന്നതിനും പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട്.

നഗരത്തിൽ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും തൽപ്പരകക്ഷികളുടെയും യോഗം നഗരസഭ ഹാളിൽ ചേരുവാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയും, നഗരസഭ ചെയർമാൻ സക്കീർ ഹുസൈനും അറിയിച്ചു.