കാലവർഷ കെടുതിയിൽ തകർന്ന റോഡുകൾക്ക് 60 ലക്ഷം രൂപ ; കൂടുതൽ തുക ആവശ്യമെന്ന് എംഎൽഎ

Wednesday, 05 Jul, 2023   P M JAFFAR

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ മോശമായ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ അനുവദിക്കപ്പെട്ട തുക അപര്യാപ്തമാണെന്നും കൂടുതൽ റോഡുകൾക്ക് അനുമതി നൽകണമെന്നും മന്ത്രി കെ. രാജനോട് അഭ്യർത്ഥിച്ചു കൊണ്ട് എംഎൽഎ കത്ത് നൽകി.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 1.55 കോടി രൂപയാണ് എംഎൽഎ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിൽ 6 റോഡുകൾക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചത്. ബാക്കി 9 റോഡുകൾക്ക് 90 ലക്ഷം രൂപ അനുവദിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. കഴിഞ്ഞ കാലവർഷ കെടുതിയിൽ തകർന്ന റോഡുകളുടെ പട്ടികയാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.

കൂവപ്പടി പഞ്ചായത്തിലെ ഐമുറി പട്ടാൽ പാറ റോഡിന് 10 ലക്ഷം, അശമന്നൂർ പഞ്ചായത്തിലെ അശമന്നൂർ മെയിൻ കനാൽ ബണ്ട് സെൻ്റ് തോമസ് ചാപ്പൽ റോഡിന് 10 ലക്ഷം, വെങ്ങോല പഞ്ചായത്തിലെ എടത്താക്കര പെരുമാനി ലിങ്ക് റോഡിന് 10 ലക്ഷം, രായമംഗലം പഞ്ചായത്തിലെ കൊറ്റിക്കൽപ്പടി വായ്ക്കര പുഞ്ചപ്പാടം റോഡിന് 10 ലക്ഷം, മുടക്കുഴ പഞ്ചായത്തിലെ കാവ് ചർച്ച് വാലുകണ്ടം ലിങ്ക് റോഡിന് 10 ലക്ഷം, എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.

അശമന്നൂർ പഞ്ചായത്തിലെ ചെറുകുന്നം മൂരുകാവ് റോഡ്‌, പെരുമ്പാവൂര്‍ നഗരസഭ നാഗഞ്ചേരി മന കുന്നംപിള്ളിച്ചിറ ലിങ്ക് റോഡ്‌, വെങ്ങോല പഞ്ചായത്തിലെ മഞ്ചേരിമുക്ക് കളത്തിപ്പടം റോഡ്‌, അശമന്നൂര്‍ പഞ്ചായത്തിലെ ചെറുകുന്നം രായമംഗലം റോഡ്, മുടക്കുഴ ആര്യമ്പാടം കനാല്‍ ബണ്ട് റോഡ്‌, രായമംഗലം പഞ്ചായത്തിലെ പുളിയാമ്പിള്ളി ചക്കരക്കാവ് റോഡ്‌, രായമംഗലം പഞ്ചായത്തിലെ പുല്ലുവഴികവല തുരുത്തിപ്ലി റോഡ്‌, ഒക്കല്‍ പഞ്ചായത്തിലെ തൊഴേലി മനക്കപ്പടി അമ്പലം റോഡ്‌, കൂവപ്പടി പഞ്ചായത്തിലെ ഐമുറി അമ്പലം മൈലാച്ചാല്‍ റോഡ്‌ എന്നീ റോഡുകൾക്ക് കൂടി അനുമതി നൽകണം എന്നാവശ്യപ്പെട്ടാണ് എംഎൽഎ വീണ്ടും കത്ത് നൽകിയത്.